ആധികാരികമായിരുന്നു അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്റി-20യിലെ ഇന്ത്യന്‍ വിജയം. ബാറ്റിങ്ങിലും ബോളിങ്ങിലുമെല്ലാം ഇന്ത്യയുടെ സര്‍വ്വാധിപത്യമായിരുന്നു. പൊരുതാന്‍ പോലും ഐറിഷ് പടയ്‌ക്ക് സാധിച്ചില്ല. കളിക്കിടെ തന്റെ സ്‌റ്റംപിങ്ങിലൂടെ മുന്‍ നായകന്‍ എം.എസ്.ധോണി ഒരിക്കല്‍ കൂടി ശ്രദ്ധ നേടി.

പൊതുവെ മിന്നല്‍ വേഗത്തിലുള്ള സ്‌റ്റംപിങ്ങുകളാണ് ധോണിയില്‍ നിന്നും കാണാന്‍ സാധിക്കുക. എന്നാല്‍ ഇന്നലെ കണ്ടത് സ്ലോ മോഷനില്‍ സ്‌റ്റംപ് ചെയ്യുന്ന ധോണിയേയായിരുന്നു. ഐറിഷ് ബാറ്റ്‌സ്‌മാനായ ആന്‍ഡി ബാല്‍ബിറീനെ പുറത്താക്കാനായിരുന്നു ധോണിയുടെ സ്ലോ മോഷന്‍ സ്‌റ്റംപിങ്.

ഐറിഷ് ഇന്നിങ്സിന്റെ ഏഴാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ചാഹലിനെ നേരിടാന്‍ ആന്‍ഡി ക്രീസ് വിട്ട് മുന്നോട്ട് ഇറങ്ങുകയായിരുന്നു. കണക്കു കൂട്ടലുകള്‍ പിഴച്ചതോടെ പന്ത് ബാറ്റ്‌സ്‌മാനെ മറി കടന്ന് സ്‌റ്റംപിങ്ങിന് അരികിലേക്ക് എത്തി. പതിവ് തെറ്റിക്കാതെ ധോണി പന്ത് പിടിയിലൊതുക്കി സ്‌റ്റംപ് ചെയ്യുകയായിരുന്നു.

പക്ഷെ പൊതുവെ വേഗത്തില്‍ സ്‌റ്റംപ് ചെയ്‌ത് മാസ് സ്‌റ്റൈലില്‍ മുന്നിലേക്ക് നടന്ന് പോകുന്ന ധോണിയെയാണ് കാണാറെങ്കില്‍ ഇത്തവണ ആളതൊന്ന് തിരുത്തി. പകരം വളരെ പതുക്കെ സ്ലോ മോഷനിലായിരുന്നു സ്‌റ്റംപ് ചെയ്‌തത്. ധോണിയുടെ സ്‌റ്റംപിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ