ബ്രിസ്‌റ്റോള്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20യില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ധോണി രസകരമായൊരു കാഴ്‌ചയും ആരാധകര്‍ക്ക് സമ്മാനിച്ചു. നിലത്ത് വീണ് ഉരുണ്ട് നെയ്മറിന് അനുകരിച്ചാണ് ധോണി സഹതാരങ്ങളെ വരെ ചിരിപ്പിച്ചത്.

ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 13-ാം ഓവറിലായിരുന്നു സംഭവം. ഹാർദിക് പാണ്ഡ്യ എറിഞ്ഞ പന്തിനെ ഉയര്‍ത്തി അടിക്കാനുള്ള ഇയാന്‍ മോര്‍ഗന്റെ ശ്രമം പാഴാവുകയും പന്ത് ഉയര്‍ന്നു പൊന്തുകയും ചെയ്യുന്നു. വിക്കറ്റിന് പിന്നില്‍ നിന്നും ഓടിയെത്തിയ ധോണി പന്ത് കൃത്യമായി തന്നെ ക്യാച്ച് ചെയ്തു. എന്നാല്‍ ഓടി വരുന്നതിനിടെ മുന്നില്‍ സ്റ്റമ്പുള്ളത് ധോണി മറന്നു.

ഇതോടെ സ്റ്റമ്പില്‍ തട്ടി ധോണി നിലത്ത് വീണു. വീണ അതേ വേഗതയില്‍ തന്നെ ഒന്നുരുണ്ട് ചാടിയെഴുന്നേറ്റ ധോണി ചിരിച്ചു കൊണ്ട് വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഹാർദിക് പാണ്ഡ്യയും ഇത് കണ്ട് ചിരിച്ചു പോയി.

കഴിഞ്ഞ ദിവസമായിരുന്നു എം.എസ്.ധോണിയുടെ 37-ാം ജന്മദിനം. അതിന്റെ ആഘോഷങ്ങള്‍ക്ക് പിന്നാലെ മൈതാനത്തിറങ്ങിയ ധോണി സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകളാണ്. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിലെ പ്രകടനങ്ങള്‍ ധോണിയുടെ പേര് വീണ്ടും റെക്കോര്‍ഡ് ബുക്കില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു.

ഒരു ടി-20 യില്‍ അഞ്ച് ക്യാച്ചെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോർഡാണ് ധോണിയെ തേടിയെത്തിയത്. ഒരു ടി-20 യില്‍ അഞ്ച് പേരെ പുറത്താക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും ധോണി സ്വന്തമാക്കി. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷെഹ്സാദാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.

അഞ്ച് ക്യാച്ചും ഒരു റണ്ണൗട്ടുമായി ആറു ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാരെ പുറത്താക്കാന്‍ ധോണി പങ്കാളിയായി. ഒപ്പം ട്വന്റി-20യില്‍ 50 ക്യാച്ചുകള്‍ നേടുന്ന ആദ്യ വിക്കറ്റ് കീപ്പറുമായി ധോണി. ടി-20 യില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയിട്ടുള്ള താരവും ധോണിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook