ടീം വിജയത്തിന്റെ ആവേശത്തിരയില്‍ ആര്‍ത്തുല്ലസിക്കുമ്പോഴും വികാരത്തെ നിയന്ത്രിച്ച് ധോണി. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം മടങ്ങിയെത്തിയ ചെന്നൈ ഐപിഎല്‍ കിരീടമുയര്‍ത്തുമ്പോള്‍ അതില്‍ ഏറ്റവും സന്തോഷിക്കേണ്ട വ്യക്തിയാണ് ധോണി. എന്നാല്‍ തന്റെ സന്തോഷം മറച്ചു വച്ച് പതിവ് പോലെ കൂളായി ധോണി മാറുന്നതാണ് ഇന്നലെ വാങ്കഡെ കണ്ടത്.
സഹതാരങ്ങള്‍ കീരിടവുമായി ആഘോഷിച്ചപ്പോള്‍ തന്റെ മകള്‍ സിവയുമായി മൈതാനത്ത് കളിക്കുകയായിരുന്നു ധോണി. മകളുടെ കളികള്‍ക്ക് കൂട്ട് കൂടിയും അവളെ എടുത്തുയര്‍ത്തിയുമാണ് ധോണി വിജയ നിമിഷം ചിലവിട്ടത്. ഭാര്യ സാക്ഷിയും ധോണിയുടെ വിജയത്തിന് സാക്ഷിയായിരുന്നു. സിവയുമൊത്ത് കളിക്കുന്ന ധോണിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം, രണ്ടാം വരവില്‍ കലാശപോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തത് എട്ട് വിക്കറ്റിനാണ് തകർത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ് കിരീടം ചൂടിയത്. സെഞ്ചുറി പ്രകടനവുമായി ഓപ്പണര്‍ ഷെയ്ന് വാട്സണാണ് ചെന്നൈ വിജയത്തിലേക്ക് നയിച്ചത്. വാട്സണ് പുറത്താകാതെ 117 റണ്‍സ് നേടി.
നേരത്തെ ഹൈദരാബാദ് 178 റണ്‍സെടുത്ത് ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. ശിഖര്‍ ധവാനും വില്യംസണും നല്ല തുടക്കം നല്‍കിയിട്ടും സണ്‍റൈസേഴ്സിന് മധ്യ ഓവറുകളില്‍ സ്കോര്‍ കണ്ടെത്താന്‍ കഴിയാതെ പോവുകയായിരുന്നു. അതേസമയം, തുടക്കത്തില്‍ സ്കോര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ വാട്സണും റെയ്നയും ചേര്‍ന്ന് ചെന്നൈയെ പതിയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
51 പന്തില്‍ നിന്ന് 8 സിക്സും 7 ഫോറുമായാണ് വാട്സണ് സെഞ്ചുറി തികച്ചത്. ഹൈദരാബാദ് ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു കയറ്റിയാണ് ചെന്നൈ മുന്നേറിയത്.