മുംബൈ: ലോകകപ്പിന് ഇനി നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരാധകരും താരങ്ങളുമെല്ലാം തങ്ങളുടെ പ്രവചനങ്ങളും വിലയിരുത്തലുകളും നടത്തുന്ന തിരക്കിലാണ്. ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയുടെ അഭിപ്രായ പ്രകാരം കപ്പുയര്‍ത്താന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സഹായമാവുക മുന്‍ നായകന്‍ എം.എസ്.ധോണിയുടെ സാന്നിധ്യമായിരിക്കും.

ലോകകപ്പിന് മുന്നോടിയായി ഫൈനല്‍ കോമ്പിനേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും നടന്ന പരമ്പരകളിലൂടെ ധോണി ഫോമിലേക്ക് മടങ്ങി എത്തിയതും ഇന്ത്യയ്ക്ക് ഗുണകരമാണ്. ലോകകപ്പില്‍ ധോണിയുടെ അനുഭവ സമ്പത്ത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് റെയ്‌ന പറയുന്നത്. ടീമിലെ ഏറ്റവും മുതിര്‍ന്ന താരമായ ധോണിയുടെ നാലാം ലോകകപ്പാണിത്. ഓസീസ് പര്യടനത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും 193 റണ്‍സുമായി പരമ്പരയിലെ താരമായിരുന്നു ധോണി.

”ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ധോണി സ്‌കോര്‍ ചെയ്ത റണ്‍സുകളും യുവതാരങ്ങള്‍ക്ക് പ്രത്യേകിച്ച് ബോളര്‍മാര്‍ക്ക് നല്‍കുന്ന നിർദേശങ്ങളുമെല്ലാം നോക്കുമ്പോള്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. കരിയറില്‍ കയറ്റിറക്കങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ളയാളാണ് ധോണി. നാലാമത്തെ ലോകകപ്പാണ് കളിക്കാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ ധോണിയായിരിക്കും വിരാടിന് ഏറ്റവും സഹായമാവുക” റെയ്‌ന പറഞ്ഞു.

ബാറ്റിങ്ങില്‍ പൂര്‍ണമായും പഴയ പ്രതാപത്തിലേക്ക് തിരികെ പോകാന്‍ സാധിച്ചിട്ടില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ ഇന്നും ധോണി ഒരു അത്ഭുതം തന്നെയാണ്. മെയ് 30 നാണ് ലോകകപ്പ് ആരംഭിക്കുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് തയ്യാറെടുക്കുകയാണ് കോഹ്‌ലിയും സംഘവും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ