പത്ത് വയസോളം ഇളയതായ യുവതാരങ്ങളേക്കാള്‍ വേഗതയും ഫിറ്റ്നസും ധോണിക്ക് ഉണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ രവിശാസ്ത്രി. ഏകദിന ക്രിക്കറ്റില്‍ അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ആളില്ലെന്നും അദ്ദേഹം പറഞ്ഞു. ധോണിയെ കുറിച്ച് കുറ്റം പറയുന്നവര്‍ അവരുടെ 36-ാം വയസിലെ കരിയര്‍ എന്താണെന്ന് വിശകലനം ചെയ്ത് നോക്കണമെന്നും രവിശാസ്ത്രി പറഞ്ഞു.

അടുത്തകാലത്തായി ധോണിയുടെ ഓരോ ബാറ്റിങ് പിഴവുകളും ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് രവിശാസ്ത്രിയുടെ ഇടപെടല്‍. എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങളില്‍ ധോണി തിരിച്ചുവരവിന്റെ സൂചന നല്‍കിയിരുന്നു. ‘ഞങ്ങള്‍ വിഡ്ഢികള്‍ ഒന്നുമല്ല, കഴിഞ്ഞ 30-40 വര്‍ഷത്തോളമായി ക്രിക്കറ്റിനെ നോക്കിക്കാണുന്നയാളാണ് ഞാന്‍. വിക്കറ്റിന് പിന്നിലും ധോണിയെ കവച്ചുവയ്ക്കാന്‍ ഇന്ന് ക്രിക്കറ്റില്‍ മറ്റൊരു താരമില്ല’, രവിശാസ്ത്രി പറഞ്ഞു.

മുഖ്യ സെലക്ടറായ എംഎസ്കെ പ്രസാദും കഴിഞ്ഞ ദിവസം ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ‘ലോകത്ത് തന്നെ മികച്ച വിക്കറ്റ് കീപ്പര്‍ ധോണിയാണ്. ദിവസവും ഞങ്ങള്‍ ഇത് ചര്‍ച്ച ചെയ്യാറുണ്ട്. നിലവില്‍ ലങ്കയ്ക്ക് എതിരെ നടക്കുന്ന മത്സരങ്ങളില്‍ ധോണി ശരിക്കും വിക്കറ്റിന് പിന്നില്‍ മികവുറ്റ പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്’, പ്രസാദ് പറഞ്ഞു.

‘ധോണിയെ മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ വിട്ടേക്കൂ, ലോക ക്രിക്കറ്റില്‍ തന്നെ അദ്ദേഹത്തിന്റെ അടുത്ത് പോലും എത്താന്‍​ കഴിയുന്ന മറ്റൊരു വിക്കറ്റ് കീപ്പറില്ല’ 2019 ലോകകപ്പില്‍ യുവതാരങ്ങളെ കീപ്പിങ് സ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് പ്രസാദ് വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ