ഇന്ത്യന്‍ താരങ്ങളില്‍ തങ്ങളുടെ അഭിപ്രായം തുറന്നു പറയുന്നവരിലൊരാളാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നാഷണല്‍ ടീമില്‍ നിന്നും നാളുകളായി പുറത്തിരിക്കുന്ന ഗംഭീര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. താരത്തിന്റെ ചില അഭിപ്രായ പ്രകടനങ്ങള്‍ അദ്ദേഹത്തിന് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗംഭീര്‍ വരുന്ന 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ട്. ഗംഭീര്‍ മാത്രമല്ല, മുന്‍ നായകന്‍ സാക്ഷാല്‍ ധോണിയുടെ പേരും ബിജെപി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

സ്വന്തം നാട്ടില്‍ തന്നെയായിരിക്കും ഇവരും മത്സരിക്കുക എന്നാണ് ദ സണ്‍ഡെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗംഭീറിനെ ഡല്‍ഹിയില്‍ മീനാക്ഷി ലേഖിയ്ക്ക് പകരം അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേഖിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയും ഗംഭീറിന്റെ പ്രശസ്തിയുമാണ് ഇങ്ങനൊരു നീക്കത്തിലേക്ക് നയിച്ചതെന്നാണ് അഭ്യൂഹം. ഡല്‍ഹി കേന്ദ്രീകരിച്ച് ഗംഭീര്‍ നടത്തുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ പേര് പരിഗണനയ്ക്കാന്‍ കാരണമായതായും പറയുന്നു.

ഗംഭീറിനെക്കാള്‍ അത്ഭുതപ്പെടുന്നതാണ് ധോണിയേയും ബിജെപി നോട്ടമിടുന്നു എന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും വലിയ ക്രിക്കറ്റിങ് ബ്രാന്റാണ് ധോണി. നാളുകളായി മികച്ച ഇന്നിങ്‌സ് കളിച്ചിട്ടെങ്കിലും ഇപ്പോഴും ധോണി ടീമിന്റെ അഭിവാജ്യ ഘടകമാണ്. എന്നാല്‍ തന്റെ രാഷ്ട്രീയമോ പൊതു വിഷയങ്ങളിലുള്ള അഭിപ്രായമോ ധോണി ഇതുവരേയും എവിടേയും തുറന്നു പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ധോണിയെ ബിജെപി നോട്ടമിട്ടിരിക്കുന്നു എന്ന റിപ്പോര്‍ട്ട് വന്‍ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.

സ്വന്തം നാടായ ജാര്‍ഖണ്ഡിലെ മണ്ഡലത്തിലായിരിക്കും ധോണിയെ മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ധോണിയുമായി സംസാരം തുടങ്ങിയതേയുള്ളുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ റിപ്പോര്‍ട്ടുകളേ കുറിച്ച് ബിജെപിയോ താരങ്ങളോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിച്ച താരമാണ് ഗംഭീര്‍. വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയെ മുന്നില്‍ നിന്ന് നയിക്കുന്ന ഗംഭീറിന്റെ വിടവാങ്ങല്‍ അധികം വൈകാതെ തന്നെയുണ്ടാകുമെന്നും ഇതോടെ താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook