മുംബൈ: ടി20 ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കിരീടം സ്വന്തമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു പല ടീമുകളും. മുൻ താരങ്ങളും ആരാധകരുമെല്ലാം ചർച്ചകൾക്കും വിലയിരുത്തലുകൾക്കും തുടക്കമിട്ടിട്ടുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യത ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വി.വി.എസ്.ലക്ഷമൺ.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെയാണ് സ്റ്റാർ സ്‌പോർട്സിന് വേണ്ടി ലക്ഷമൺ തന്റെ ടീമിനെ തിരഞ്ഞെടുത്തത്. മുതിർന്ന താരങ്ങളായ ധോണിയെയും ധവാനെയും ഒഴിവാക്കിയാണ് ലക്ഷമണിന്റെ 15 അംഗ ടീം.

Also Read: പോൺ ലോകത്തും ക്യാപ്റ്റൻ ‘കൂളാണ്’; മിയാ ഖലിഫയെ പരാജയപ്പെടുത്തി എം.എസ്.ധോണി

വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ ഓപ്പണർമാരാകുന്നത് വെടിക്കെട്ട് വീരൻ രോഹിത് ശർമയും കെ.എൽ.രാഹുലുമാണ്. മൂന്നാം നമ്പറിൽ കോഹ്‌ലി തന്നെ കളിക്കണമെന്നാണ് ലക്ഷമൺ പറയുന്നത്. ഏറെ നാളത്തെ ആശങ്കകൾക്ക് വിരാമമിട്ട് നാലാം നമ്പറിൽ ശ്രേയസ് സ്ഥാനം ഉറപ്പിച്ചതോടെ അക്കാര്യത്തിലും ലക്ഷ്മണിന് ആശയകുഴപ്പമില്ല.

വിക്കറ്റ് കീപ്പറുടെ റോളിൽ റിഷഭ് പന്ത് തന്നെയാണ് ടീമിലുള്ളത്. ഹാർദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിൽ മുതിർന്ന താരങ്ങളായ മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും ഒപ്പം മികച്ച ഫോമിലുള്ള ദീപക് ചാഹറിനെയുമാണ് ലക്ഷണൺ തിരഞ്ഞെടുത്തിരിക്കുന്നത്. ടീമിലെ സ്ഥിരസാനിധ്യമായ യുസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവുമാണ് സ്‌പിൻ കൂട്ടുകെട്ട്.

Also Read: ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ അഞ്ച് പേസർമാർ; പട്ടികയിൽ രണ്ട് മലയാളികളും

ഇന്ത്യയ്ക്ക് പ്രഥമ ടി20 ലോകകപ്പ് നേടിതന്ന നായകനാണ് എം.എസ്.ധോണി. എന്നാൽ കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിയിൽ പുറത്തായതിന് പിന്നാലെ വിശ്രമത്തിൽ പ്രവേശിച്ച ധോണി ഇതുവരെ ടീമിൽ മടങ്ങിയെത്തിയിട്ടില്ല. പരുക്കിൽ നിന്ന് മുക്തനായെങ്കിലും ഫോമിലേക്ക് മടങ്ങിയെത്താൻ എത്രത്തോളം ധവാന് സാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഈ വർഷം ഒക്ടോബറിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഓസ്ട്രേലിയയാണ് ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2020 ഒക്ടോബർ 18 മുതൽ നവംബർ 15 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook