വലിയ തകർച്ചയിൽ നിന്നും ഐപിഎൽ 13-ാം പതിപ്പിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്. തുടർപരാജയങ്ങൾ ഏൽപ്പിച്ച നാണക്കേടിൽ നിന്ന് പഞ്ചാബിനെതിരെ പത്ത് വിക്കറ്റ് ജയവുമായാണ് ചെന്നൈ വിജയവഴിയിൽ തിരിച്ചെത്തിയത്. ആരാധകരുടെ പോലും വിമർശനങ്ങൾ വിധേയമായ ശേഷമുള്ള ഈ ഉയർത്തെഴുന്നേൽപ്പിന് കാരണം ചെറിയ കാര്യങ്ങൾ പോലും ശരിയായി ചെയ്തത് കൊണ്ടാണെന്ന് നായകൻ എംഎസ് ധോണി പറയുന്നു.

ഓപ്പണർമാരായ ഓസിസ് ഇതിഹാസ താരം ഷെയ്ൻ വാട്സണിന്റെയും ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസിന്റെയും വെടിക്കെട്ട് അർധസെഞ്ചുറി പ്രകടനമാണ് പഞ്ചാബിനെതിരെ ചെന്നൈക്ക് വലിയ വിജയം സമ്മാനിച്ചത്. വാട്സൺ 83 റൺസും ഡുപ്ലെസിസ് 87 റൺസും സ്വന്തമാക്കിയ മത്സരത്തിൽ 179 റൺസെന്ന ഭേദപ്പെട്ട വിജയലക്ഷ്യം ചെന്നൈ പത്ത് വിക്കറ്റും ബാക്കിയാക്കി അനായാസം മറികടക്കുകയായിരുന്നു.

“ഞങ്ങൾ ചെറിയ കാര്യങ്ങൾ ശരിയായി ചെയ്തുവെന്ന് ഞാൻ കരുതുന്നു. അതാണ് ഞങ്ങൾക്ക് പ്രധാനപ്പെട്ടത്. ബാറ്റിങ്ങിൽ ലഭിച്ച നല്ല തുടക്കമാണ് ഞങ്ങൾക്ക് വേണ്ടത്. വരും മത്സരങ്ങളിലും അത് ആവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ധോണി പറഞ്ഞു.

മത്സരത്തിൽ നായകൻ കെ.എൽ രാഹുൽ ഒരിക്കൽ കൂടി ഫോം ആവർത്തിച്ചതോടെ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 178 റൺസ് അടിച്ചെടുത്തത്. ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook