ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമായിരുന്നു 2011ലേത്. ഇന്ത്യയിൽ നടന്ന ലോകകപ്പിൽ സിക്സർ പായിച്ച് ധോണി ഇന്ത്യയെ കിരീടത്തിലെത്തിച്ച നിമിഷം ഓരോ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലും ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.

എന്നാൽ മത്സരത്തിനിടയിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ധോണി ക്രീസിലേക്കെത്തിയത്. ലോകകപ്പിന്റെ താരമായി മാറി കഴിഞ്ഞിരുന്ന യുവരാജിനെ മറികടന്ന് ബാറ്റിങ് ഓർഡറിൽ ധോണി ആദ്യം ഇറങ്ങുകയായിരുന്നു. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ ഇപ്പോൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശ്രീലങ്കയുടെ പല ബോളര്‍മാരേയും എനിക്ക് നന്നായി അറിയാം. അവരില്‍ പലരും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ചവരാണ്. യുവിക്ക് പകരം ഞാന്‍ ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയതിന് കാരണം ആ സമയത്ത് മുത്തയ്യ മുരളീധരനായിരുന്നു ബോളിങ് എന്നതുകൊണ്ടാണ്. ചെന്നൈയില്‍ മുരളീധരനോടൊപ്പം പരിശീലനത്തിനിടയിൽ നിരവധി തവണ ഞാൻ ബാറ്റ് വീശിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുരളീധരനെതിരെ റണ്‍സ് നേടാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു’ ധോണി പറഞ്ഞു.

ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ഓപ്പണർമാരായ വിരേന്ദർ സേവാഗിനെയും സച്ചിൻ ടെണ്ടുൽക്കറെയും നഷ്ടമായി. കോഹ്‍ലിയും ഗംഭീറും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കോഹ്‍ലി പുറത്തായതോടെ ഇന്ത്യൻ ആരാധകർ കാത്തിരുന്നത് വെടിക്കെട്ട് ബാറ്റ്സ്മാൻ യുവരാജിനെയാണ്. എന്നാൽ യുവിയെ മറികടന്ന് നായകൻ ക്രീസിലേക്ക് എത്തുകയായിരുന്നു.

ധോണിയുടെ തീരുമാനവും കണക്ക് കൂട്ടലും തെറ്റിയില്ല. 79 പന്തിൽ 91 റൺസ് നേടി ധോണി ഇന്ത്യക്ക് കിരീടം സമ്മാനിച്ചു. കളിയിലെ താരവും ധോണി തന്നെയായിരുന്നു. ഓൾറൗണ്ട് പ്രകടനം യുവിയെ ടൂർണമെന്റിന്റെ താരവുമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook