ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച രണ്ട് നായകന്മാരാണ് ഇന്ത്യയുടെ എംഎസ് ധോണിയും ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങും. ടീമിനെ വിജയത്തിലെത്തിക്കുന്നതോടൊപ്പം നിർണായക കിരീടങ്ങൾ സ്വന്തമാക്കാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്. രണ്ട് ഏകദിന ലോകകപ്പുകളിൽ ഓസ്ട്രേലിയയെ കിരീടത്തിലെത്തിച്ച നായകനാണ് പോണ്ടിങ്. എംഎസ് ധോണിയാകട്ടെ മൂന്ന് ഐസിസി ടൂർണമെന്റ് കിരീടങ്ങളും സ്വന്തമാക്കിയ ആദ്യ നായകനും. ഇവരിൽ മികച്ച നായകൻ ആരെന്ന ചോദ്യത്തിന് മുൻ പാക് നായകനും ഓൾറൗണ്ടറുമായിരുന്ന അഫ്രീദിക്ക് ഒറ്റ ഉത്തരമെയുണ്ടായിരുന്നുള്ളു, അത് എംഎസ് ധോണിയാണ്.
ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അഫ്രീദി മികച്ച നായകനെ തിരഞ്ഞെടുത്തത്. “പോണ്ടിങ്ങിനേക്കാൾ മുകളിലാണ് ധോണിയെ വിലയിരുത്തുന്നത്. മുഴുവൻ യുവതാരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു മികച്ച പുതിയ ടീമിനെയാണ് ധോണി രൂപപ്പെടുത്തിയത്.” അഫ്രീദി കാരണം സഹിതം വ്യക്തമാക്കി.
Also Read: ഐപിഎല്‍ 2020: താരങ്ങള്‍ മുതല്‍ ടീം ബസ് ഡ്രൈവര്‍ക്കും വരെ ബിസിസിഐയുടെ കോവിഡ് പ്രോട്ടോക്കോള്‍
പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ നിയോഗിക്കപ്പെട്ട ധോണി കിരീടവുമായി മടങ്ങിയെത്തിയതോടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതുയുഗത്തിന് കൂടിയാണ് തുടക്കമായത്. 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏകദിന ലോകകപ്പും 2013ൽ ചാംപ്യൻസ് ട്രോഫിയും സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ നായകനും ഏക നായകനും ധോണിയാണ്. ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യയെ ഒന്നാം റാങ്കിലെത്തിക്കാൻ ധോണിക്ക് സാധിച്ചിരുന്നു. ധോണിക്ക് കീഴിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചവരാണ് കോഹ്‌ലി ഉൾപ്പടെയുള്ള പല മുതിർന്ന താരങ്ങളും.
Also Read: രോഹിത് ശർമ ഇന്ത്യയുടെ അടുത്ത എംഎസ് ധോണി: സുരേഷ് റെയ്ന
റിക്കി പോണ്ടിങ്ങാകട്ടെ ഓസ്ട്രേലിയയുടെ സുവർണകാലഘട്ടത്തിന്റെ നായകന്മാരിൽ ഒരാളാണ്. മൂന്ന് ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന പോണ്ടിങ് രണ്ടെണ്ണത്തിൽ ടീമിനെ നയിക്കുകയും ചെയ്തു. 2003ലും 2007ലുമാണ് പോണ്ടിങ് ഓസ്ട്രേലിയയ്ക്ക് ലോകകപ്പ് സമ്മാനിച്ചത്.
തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാൻ വിവിയൻ റിച്ചാർഡ്സാണെന്ന് പറഞ്ഞ അഫ്രീദി അബ്ദുൾ ഖാദിറിനെയാണ് എക്കാലത്തെയും മികച്ച സ്‌പിന്നറായി തിരഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും മികച്ച പേസർ ആരെന്ന ചോദ്യത്തിന് ഓസിസ് താരം പാറ്റ് കമ്മിൻസിന്റെ പേരാണ് പറഞ്ഞത്. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഷാഹിദ് അഫ്രീദി കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടിയത്.