ന്യൂഡല്‍ഹി : ഇക്കഴിഞ്ഞ കൗമാര ലോകകപ്പിന്‍റെ കണ്ടെത്തലായ ധീരജിനെ ആരും മറന്നുകാണില്ല. അനുഭവസ്ഥരായ വിദേശ അക്രമ നിരയുടെ മുന്നില്‍ പതറാതെ ഇന്ത്യയുടെ വലകാത്ത മണിപ്പൂരുകാരന്‍ കളി ആരാധകരുടേയും എതിര്‍ ടീമുകളുടെയും പോലും മനംകവര്‍ന്നു. വിദേശ കോച്ചുമാര്‍ വരെ ധീരജിന് പ്രശംസയുമായെത്തി. 43,000 കാണികളുള്ള മൈതാനത്ത് ‘ധീരജ് ധീരജ് ധീരജ് !” എന്ന ആര്‍പ്പുവിളികള്‍ മുഴങ്ങി.
മാസങ്ങള്‍ക്കിപ്പുറം ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി വലകാക്കുന്ന ധീരജിന്‍റെ ഭാവിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒരുപോലെ വേദനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമാണ്. ധീരജുമായി കരാറിലേര്‍പ്പെടാന്‍ വിദേശ ക്ലബ്ബുകള്‍ സന്നദ്ധരാണ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിച്ച അനൂജ് കിച്ലു പറഞ്ഞത്. അതില്‍ പ്രധാനപ്പെട്ട ക്ലബ്ബുകളിലൊന്ന് സ്കോട്ടിഷ് ടോപ് ഡിവിഷന്‍ ക്ലബ്ബായ മദര്‍വെല്‍ എഫ്സിയാണ് എന്നും അദ്ദേഹം അറിയിക്കുന്നു. ” മദര്‍വെല്‍ ധീരജിനോട് ട്രയലില്‍ പങ്കെടുക്കാന്‍ പറഞ്ഞിട്ടുണ്ട്. അവിടെപ്പോയി ട്രയലില്‍ പങ്കെടുക്കുകയും അവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്യുകയാണ് എങ്കില്‍ ധീരജിന് അങ്ങനൊരു അവസരം ഒരുങ്ങിയേക്കും. അത് നേരിട്ടുള്ള കരാര്‍ അല്ല.” അനൂജ് പറഞ്ഞു.
മറ്റ് പല വിദേശക്ലബ്ബുകളും സമാനമായ നിബന്ധനകളോടെ ധീരജിനെ തേടിയെത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം അറിയിക്കുന്നത്. “പക്ഷെ എല്ലാവര്‍ക്കും ഇന്ത്യന്‍ താരം അവരുടെ സാഹചര്യങ്ങളില്‍ കളിച്ച് വിലയിരുത്തണം ” അനൂജ് പറഞ്ഞു
എന്നാല്‍ വിദേശ ക്ലബ്ബുകളിലേക്ക് ചേക്കേറുകയാണ് എങ്കില്‍ നിലവില്‍ ധീരജുമായി കരാറിലുള്ള ഇന്ത്യന്‍ ആരോസിനാകും നഷ്ടം. കൗമാര ലോകകപ്പിലെ കണ്ടെത്തലുകളെ ഒരുമിച്ച് കൊണ്ടുപോവുക അങ്ങനെ മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ആള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ് ) ഇന്ത്യന്‍ ആരോസിന് രൂപം നല്‍കുന്നത്. ധീരജ് മദര്‍വെല്ലിന്‍റെ ട്രയലില്‍ പങ്കെടുക്കുന്നു എന്നറിയിച്ചതോടെ ഇന്ത്യന്‍ ആരോസിന്‍റെ കോച്ചായ ഡി മാറ്റോസ് തന്റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.
” ഈ പ്രായത്തില്‍ ഒരു കളിക്കാരന് ചുറ്റും ധാരാളം ആളുകളുണ്ടാകും. എന്നാല്‍ അവര്‍ മിക്കവാറും ഒരു കളിക്കാരന് എന്താണ് ആവശ്യം എന്ന്‍ മനസ്സിലാക്കാന്‍ സാധിക്കാത്തവരാണ്. ഒരു കളിക്കാരനെ വികസിപ്പിക്കുക എന്നത് എത്ര പ്രധാനപ്പെട്ട കാര്യമാണ് എന്ന് തിരിച്ചറിയാത്തവരാന്. ” വിദേശ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ധീരജിന്‍റെ താത്പര്യത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഇന്ത്യാ അണ്ടര്‍ 17 കോച്ച് പറഞ്ഞു. പതിനെട്ട് വയസ്സാവാതെ ഒരു കളിക്കാരാനേയും വിദേശ ലീഗുകളില്‍ കളിപ്പിക്കില്ല എന്നതിനാല്‍ ധീരജിന് വിലപ്പെട്ട സമയം നഷ്ടമാകും എന്ന്‍ പറഞ്ഞ ഡി മാറ്റോസ് ധീരജ് ഐ ലീഗില്‍ തുടരുന്നതാണ് നല്ലത് എന്നും അഭിപ്രായപ്പെട്ടു. ” എനിക്ക് തോന്നുന്നത് ഈ വയസ്സില്‍ ഐ ലീഗ് കളിക്കുന്നതാണ് ഭേദം എന്നാണ്. അതിനുശേഷം വേണമെങ്കില്‍ ട്രയലിലൊക്കെ പങ്കെടുക്കാം. എഐഎഫ്എഫ് അവര്‍ക്ക് അവസരമൊരുക്കുകയാണ്. 10-15 കളികള്‍ നല്‍കുന്ന ആത്മവിശ്വാസം ട്രയലിനേക്കാള്‍ വലിയ അനുഭവമാണ്. ” പോര്‍ച്ചുഗീസുകാരനായ കോച്ച് പറഞ്ഞു.
ധീരജിന് വിദേശത്ത് കളിക്കാന്‍ അവസരമൊരുങ്ങുകയാണ് എങ്കില്‍ ഇന്ത്യന്‍ ആരോസിന് നഷ്ടം തോന്നുമോ എന്ന് ചോദിച്ചപ്പോള്‍ ” ഞാന്‍ ഒരു കളിക്കാരനെ മാത്രമല്ല ആശ്രയിക്കുന്നത് ” എന്നായിരുന്നു കോച്ചിന്‍റെ മറുപടി.