ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിലെ ദയനീയ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ശ്രീലങ്കയ്ക്കെതിരായ മത്സരം മറക്കാനാവില്ലെന്നും ഇത് കമ്ണ് തുറപ്പിക്കുന്ന മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. ‘കുറച്ച് കൂടി റണ്‍സ് നേടാനായെങ്കില്‍ കളി മറ്റൊന്ന് ആകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചെറിയ ടോട്ടലാണ് നേടാനായത്. ഇത്തരമൊരു സാഹരചര്യത്തില്‍ മെച്ചപ്പെടാനാണ് ശ്രമിക്കേണ്ടത്. അതിന് സാധിച്ചില്ല. തീര്‍ച്ചയായും ഇതൊരു കണ്ണ് തുറപ്പിക്കുന്ന തോല്‍വിയാണ്’, രോഹിത് പറഞ്ഞു.

ധോണിയുടെ പരിശ്രമത്തേയും രോഹിത് ശര്‍മ്മ അഭിനന്ദിച്ചു. ‘ഇത്തരം സാഹചര്യങ്ങളില്‍ എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം. അതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. മറ്റൊരാള്‍ പിന്തുണ നല്‍കിയിരുന്നെങ്കില്‍ കളി മാറുമായിരുന്നു. ബൗള്‍ ചെയ്യുമ്പോഴും വിജയം നേടാന്‍ കഴിയുമായിരുന്നു, എന്നാല്‍ വിജയിക്കാന്‍ 112 റണ്‍സ് മതിയാകുമായിരുന്നില്ല’, രോഹിത് ശര്‍മ്മ പറഞ്ഞു.

ഇന്ത്യ ഉയർത്തിയ 113 റൺസിന്റെ വെല്ലുവിളി മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക മറികടന്നത്. ഇതോടെ ഏകദിന പരമ്പരയിൽ ലങ്ക 1-0 ന് മുന്നിലെത്തി.ഉപുൽ തരംഗയാണ് ഇന്ത്യൻ ബോളിംഗിന് മുന്നിൽ ആദ്യം തന്നെ ആധിപത്യം നേടിയത്. 49 റൺസെടുത്ത തരംഗ മൂന്നാമനായി മടങ്ങിയെങ്കിലും ഇന്ത്യൻ ബോളർമാർക്ക് കളി ജയിക്കാനുള്ള ആത്മവിശ്വാസം ഇതിനോടകം നഷ്ടപ്പെട്ടിരുന്നു.

മാത്യൂസ് 25 ഉം ഡിക്‌വാല 26 ഉം റണ്ണെടുത്തു. ഇരുവരും ചേർന്ന് 21ാം ഓവറിൽ ലങ്കൻ വിജയം പൂർത്തിയാക്കി. നേരത്തേ നാല് വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലിന്റെ മികവിലാണ് ഇന്ത്യയെ 112 റൺസിന് ലങ്ക ഓൾ ഔട്ടാക്കിയത്. ധോണിയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്.

ധോണിയൊഴികെ മറ്റെല്ലാ ഇന്ത്യൻ ബാറ്റ്സ്മാന്മാരും നിരുപാധികം കീഴടങ്ങിയ മൈതാനത്താണ് ലങ്കൻ താരങ്ങൾ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയത്. തുടക്കം മുതൽ ബൗണ്ടറികൾ നേടി മുന്നേറിയ ലങ്കൻ താരങ്ങൾ ഇന്ത്യൻ ബോളിംഗിനെ കണക്കിന് പ്രഹരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ