ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പ് മലയാളി താരം ദേവ്ദത്ത് പടിക്കലിന്റേത് കൂടിയാണ്. അരങ്ങേറ്റ സീസണിൽ തന്നെ ടീമിലെ നെടുംതൂണുകളിലൊന്നായി മാറി മുന്നോട്ടുള്ള ടീമിന്റെയാകെ കുതിപ്പിൽ പ്രധാന പങ്കുവഹിക്കുകയെന്നത് ഒരു യുവതാരത്തെ സംബന്ധിച്ചടുത്തോളം സ്വപ്നതുല്ല്യവും അഭിമാന നേട്ടവുമാണ്. അതാണ് ദേവ്ദത്ത് പടിക്കലെന്ന മലപ്പുറത്തുകാരൻ സ്വന്തമാക്കിയിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ ടീമിലെത്തിയ ദേവ്ദത്ത് അരങ്ങേറ്റ മത്സരത്തിൽ തന്നെ തിളങ്ങി നായകൻ വിരാട് കോഹ്‌ലിയുടെ വിശ്വസ്തനായി. സീസണിലുടനീളം ചെമ്പടയുടെ കുപ്പായത്തിൽ കളത്തിലിറങ്ങിയ ദേവ്ദത്ത് ഓപ്പണറുടെ റോളിൽ ടീമിന്റെ സ്കോറിങ്ങിന് മികച്ച അടിത്തറ പാകി. ഡൽഹി ക്യാപിറ്റൽസിനെതിരായ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിലും അർധസെഞ്ചുറി തികച്ച ദേവ്ദത്താണ് ക്യാപിറ്റൽസിനെതിരെ ബാംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
ഒരു രാജ്യാന്തര മത്സരം പോലും കളിക്കാത്ത താരം ഐപിഎൽ അരങ്ങേറ്റ സീസണിൽ ഇതുവരെ അഞ്ച് അർധശതകം നേടി. 14 ഇന്നിങ്സുകളിൽ നിന്ന് 33.71 ശരാശരിയിൽ 472 റൺസാണ് താരം സ്വന്തമാക്കിയത്. 126.54 പ്രഹരശേഷിയിൽ ബാറ്റു വീശുന്ന ദേവ്ദത്ത് സ്ഥിരതകൊണ്ടാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്.
ദേവ്ദത്തിന്റെ മിന്നും പ്രകടനം ഐപിഎൽ ചരിത്രത്തിലെ അൺക്യാപ്ഡ് (രാജ്യാന്തര മത്സരങ്ങൾ കളിക്കാത്ത) താരങ്ങളുടെ പട്ടികയിൽ ഒരു നേട്ടത്തിനും അർഹനാക്കി. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു അൺക്യാപ്ഡ് താരം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണ് സീസണിന്റെ പ്രാഥമിക ഘട്ടം അവസാനിക്കുമ്പോൾ ദേവ്ദത്തിന്റെ ബാറ്റിൽ നിന്ന് പിറന്നിരിക്കുന്നത്.
ഐപിഎല്ലിന്റെ പ്രഥമ പതിപ്പായ 2008ൽ ഓസിസ് താരമായിരുന്ന ഷോൺ മാർഷ് 616 റൺസാണ് 11 മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയത്. കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്ന ഷോൺ മാർഷ് പിന്നീടാണ് ഓസിസ് ദേശീയ ടീമിനായി രാജ്യാന്തര വേദികളിൽ കളിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിനുവേണ്ടി 2018 സീസണിൽ സ്വന്തമാക്കിയത് 512 റൺസാണ്.
അതേസമയം ദേവ്ദത്ത് പടിക്കലിന്റെ കുതിപ്പിനെ കൂടുതൽ കരുത്തുറ്റതാക്കുന്നത് അദ്ദേഹത്തിന് ഒരു ആഭ്യന്തര സീസണിന്റെ ആത്മവിശ്വാസം മാത്രമാണ് ഉള്ളതെന്ന് കൂടിയാണ്.