scorecardresearch
Latest News

തലയുയർത്തി ദേവ്‌ദത്ത് പടിക്കൽ; ലക്ഷ്യം ഇന്ത്യൻ ടീം

ബാംഗ്ലൂരിന് വേണ്ടി 15 മത്സരങ്ങൾ കളിച്ച ദേവ്‌ദത്ത് പടിക്കൽ അഞ്ച് അർധ സെഞ്ചുറികളോട് 473 റൺസ് നേടി

Dev Padikkal

ആരാധകരെ നിരാശപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐപിഎൽ എലിമിനേറ്ററിൽ പുറത്തായി. വമ്പൻ താരനിരയുണ്ടായിട്ടും ഐപിഎൽ ചരിത്രത്തിൽ ഒരിക്കൽ പോലും കിരീടം നേടാൻ സാധിക്കാത്ത ടീമാണ് ബാംഗ്ലൂർ. ഈ നിരാശകൾക്കിടയിലും മലയാളികൾക്ക് ഏറെ അഭിമാനമാകുകയാണ് ആർസിബി താരം ദേവ്‌ദത്ത് പടിക്കൽ. മലയാളിയായ ദേവ്‌ദത്ത് പടിക്കലിന്റെ പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ മുഴുവനായും തൃപ്‌തിപ്പെടുത്തി. കോഹ്‌ലിയും ഡി വില്ലിയേഴ്‌സും അടക്കമുള്ള താരനിര നിരാശപ്പെടുത്തിയ മത്സരത്തിൽ പോലും ബാംഗ്ലൂർ സ്‌കോർ ബോർഡിന് കരുത്തായത് ദേവ്‌ദത്ത് പടിക്കലാണ്.

ബാംഗ്ലൂരിന് വേണ്ടി 15 മത്സരങ്ങൾ കളിച്ച ദേവ്‌ദത്ത് പടിക്കൽ അഞ്ച് അർധ സെഞ്ചുറികളോട് 473 റൺസ് നേടി. 124.8 ആണ് പടിക്കലിന്റെ സ്ട്രൈക് റേറ്റ്. എട്ടി സിക്‌സും 51 ഫോറുമാണ് പടിക്കൽ ഈ സീസണിൽ നേടിയത്. ബാംഗ്ലൂരിന്റെ എല്ലാ മത്സരങ്ങളിലും പടിക്കൽ ഓപ്പണർ വേഷത്തിലാണ് എത്തിയത്. ആ സീസണിലെ മികച്ച അൺക്യാപ് താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് പടിക്കലിന്റെ സ്ഥാനം. ഫീൽഡിങ്ങിലും മികച്ച പ്രകടനമാണ് പടിക്കലിന്റേത്.

Read Also: യുവരാജിനെയും സേവാഗിനെയും പോലെ; ആർസിബിയുടെ ഹീറോയായ ദേവ്‌ദത്ത് പടിക്കൽ ആരാണ്?

ഇന്ത്യൻ ടീമിൽ ഇടം നേടുകയാണ് ദേവ്‌ദത്ത് ലക്ഷ്യമിടുന്നത്. ഇടംകെെയൻ ബാറ്റ്‌സ്‌മാൻ ആണെന്നത് പടിക്കലിന് ഏറെ ഗുണം ചെയ്യും. ഇന്ത്യ വർഷങ്ങളായി പരീക്ഷിച്ചുവരുന്ന റെെറ്റ്-ലെഫ്‌റ്റ് ഓപ്പണിങ് കൂട്ടുക്കെട്ടിന് പടിക്കലിനെ ഉപയോഗിക്കാൻ സാധിക്കും. ശിഖർ ധവാന് പകരക്കാരനായി ദേവ്‌ദത്ത് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചാലും അത്ഭുതപ്പെടാനില്ല. പ്രായവും ദേവ്‌ദത്തിന് അനുകൂലമാണ്. 20 വയസ്സുള്ള പടിക്കലിന് ഓപ്പണർ റോളിൽ തിളങ്ങാൻ സാധിച്ചാൽ ഇന്ത്യയ്‌ക്ക് കുറേ വർഷത്തേക്ക് മറ്റൊരു താരത്തെ ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരില്ല. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ കലവറയില്ലാത്ത പിന്തുണയും പടിക്കലിനുണ്ട്.

“ദേവ്‌ദത്തിന്റെ ബാറ്റിങ് മികവിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്നില്ല. വളരെ കഴിവുള്ള താരമാണ്. ഏറെ ദീർഘവീക്ഷണമുള്ള ബാറ്റ്‌സ്‌മാനാണ്. ഷോട്ടുകളിൽ കൃത്യതയുണ്ട്. റിസ്‌കുകളെടുക്കാൻ തയ്യാറുള്ള താരമാണ്. ഓരോ മത്സരവും മനസിലാക്കി കളിക്കാൻ അവന് അറിയാം.” എന്നാണ് കോഹ്‌ലി ദേവ്‌ദത്ത് പടിക്കലിനെ പുകഴ്‌ത്തികൊണ്ട് പറഞ്ഞത്.

ദേവ്‌ദത്ത് പടിക്കൽ വിരാട് കോഹ്‌ലിക്കൊപ്പം

മുൻ ഇന്ത്യൻ താരവും അണ്ടർ 19 നാഷണൽ സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ വെങ്കിടേഷ് പ്രസാദ് ദേവ്ദത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ പ്രധാനികളിലൊരാളാണ്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോം ഐപിഎല്ലിലും ആവർത്തിക്കുന്ന ദേവ്ദത്തിന്റെ പ്രകടനത്തിൽ അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അത്ഭുതവുമില്ല. ദേവ്ദത്തിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് പറഞ്ഞ പ്രസാദ് അദ്ദേഹം പലപ്പോഴും യുവരാജ് സിങ്ങിനെ ഓർമ്മപ്പെടുത്താറുണ്ടെന്നും കൂട്ടിച്ചേർത്തു.

“ഇത് ഞാൻ പറയുന്ന ആദ്യപടി മാത്രമാണ്, കാരണം ഒരു കളിക്കാരന്റെ യഥാർത്ഥ പരീക്ഷണം വലിയ മത്സരങ്ങൾ കളിക്കുന്നതിലും സമ്മർദ്ദം നിറഞ്ഞ അന്തരീക്ഷത്തിലുമാണ്. ഐ‌പി‌എല്ലിലെ സമ്മർദ്ദം അദ്ദേഹം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇത് ലോകമെമ്പാടും കാണുന്നു, അതിന്റെ ആരാധകവൃന്ദവും ഉൽ‌പ്പന്നവും വളരെ വലുതാണ്, മാത്രമല്ല അവൻ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു,” വെങ്കിടേഷ് പ്രസാദ് പറഞ്ഞു.

മലയാളിയായ ദേവ്ദത്ത് കര്‍ണാടകയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവച്ച ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു. 11 മത്സരങ്ങളില്‍ നിന്നുമായി 609 റണ്‍സാണ് ദേവ്ദത്ത് സ്വന്തമാക്കിയത്. പിന്നീട് നടന്ന സയ്‌ദ് മുഷ്‌താഖ് അലി ട്രോഫിയിലും 580 റണ്‍സോടെ ദേവ്ദത്തായിരുന്നു റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. അണ്ടർ 19 ലോകകപ്പിലുൾപ്പെട തിളങ്ങിയ താരം മലപ്പുറം എടപ്പാൾ സ്വദേശിയാണ്. ഇടംകയ്യൻ ബാറ്റ്‌സ്‌മാനായ ദേവ്ദത്ത് ആർസിബിയിൽ സ്ഥിര സാന്നിധ്യമാകുമെന്ന് ഉറപ്പാണ്.

ഇന്ത്യയുടെ എക്കാലത്തെയും വിജയനായകൻ മഹേന്ദ്രസിങ് ധോണിയുടെ ജന്മദിനവും ദേവ് പടിക്കലിന്റെ ജന്മദിനവും ഒന്നാണ്. ഇരുവരും ജൂലെെ ഏഴിനാണ് ജനിച്ചത്, വർഷം മാത്രമാണ് വ്യത്യാസം. 1981 ജൂലെെ ഏഴിനു ജനിച്ച ധോണിക്ക് 19 വയസുള്ളപ്പോൾ 2000 ജൂലെെ ഏഴിനു ദേവ്‌ദത്ത് പടിക്കൽ എടപ്പാളിൽ ജനിച്ചു. ക്രിക്കറ്റിനൊപ്പം ഫുട്‌ബോളിനെയും സ്‌നേഹിച്ച ദേവ് മാഞ്ചസ്റ്റർ യുണെെറ്റഡ് ആരാധകൻ കൂടിയാണ്.

പിതാവിന്റെ ജോലിയുടെ ഭാഗമായാണ് ദേവ്‌ദത്തിന്റെ കുടുംബം ഹെെദരബാദിലേക്ക് ചേക്കേറുന്നത്. ചെറുപ്പം മുതൽ ക്രിക്കറ്റിനോട് ഏറെ താൽപര്യമുള്ള ആളായിരുന്നു ദേവ്. ഒൻപതാം വയസ് മുതലാണ് ക്രിക്കറ്റിനെ വളരെ കാര്യമായി കാണാൻ തുടങ്ങുന്നത്. ഇടംകെെയൻ ബാറ്റ്‌സ്‌മാനാണ് ദേവ്. ക്രിക്കറ്റിലെ കൂടുതൽ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ദേവ്‌ദത്തും കുടുംബവും പിന്നീട് ബാംഗളൂരിലേക്ക് ചേക്കേറി.

Devdutt Padikkal's Fluent 92

കർണാടക അണ്ടർ 14 ക്രിക്കറ്റിൽ ദേവ് കളിച്ചിട്ടുണ്ട്. സയിദ് മുഷ്‌താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ 580 റൺസ് നേടിയതോടെ ദേവ് ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പേരായി. 2019 ൽ ആയിരുന്നു ഈ പ്രകടനം. 64 ശരാശരിയിൽ 175 സ്ട്രൈക് റേറ്റോടെയായിരുന്നു ദേവ്‌ദത്തിന്റെ മിന്നുന്ന പ്രകടനം. കർണാടക പ്രീമിയർ ലീഗിൽ ബല്ലാരി ടസ്‌കേഴ്‌സിനു വേണ്ടി ദേവ്‌ദത്ത് കളിച്ചിട്ടുണ്ട്. ദേവ്‌ദത്ത് കെപിഎല്ലിൽ (കർണാടക പ്രീമിയർ ലീഗ്) 53 പന്തിൽ നിന്ന് 72 റൺസ് നേടിയിട്ടുണ്ട്. 2017 ൽ 17 വയസ് മാത്രമുള്ളപ്പോൾ ആയിരുന്നു ഇത്. ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡിനെയാണ് ദേവ്‌ദത്തിന് ഏറെ ഇഷ്‌ടം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Devdutt padikkal left handed batsment indian cricket team rcb