ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം കർണാടക താരം ദേവ്‌ദത്ത് പടിക്കലിന്റെ സ്വപ്‌നങ്ങൾക്ക് കരുത്ത് പകരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനുവേണ്ടി കളത്തിലിറങ്ങാനുള്ള പടിക്കലിന്റെ ആഗ്രഹം ഉടൻ തന്നെ സാധ്യമായേക്കും. വിജയ് ഹസാരെ ട്രോഫിയിലെ ദേവ്‌ദത്തിന്റെ പ്രകടനം ദേശീയശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 572 റൺസാണ് ദേവ്‌ദത്ത് പടിക്കൽ ഇതുവരെ അടിച്ചുകൂട്ടിയത്. മൂന്ന് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും അടങ്ങുന്ന വെടിക്കെട്ട് ഇന്നിങ്സുകളുടെ ആകെ ശരാശരി 190.66 ആണ്.

ഇന്ത്യൻ ടീമിൽ ഇടം നേടുകയാണ് ദേവ്‌ദത്ത് ലക്ഷ്യമിടുന്നത്. ഇടംകെെയൻ ബാറ്റ്‌സ്‌മാൻ ആണെന്നത് പടിക്കലിന് ഏറെ ഗുണം ചെയ്യും. ഇന്ത്യ വർഷങ്ങളായി പരീക്ഷിച്ചുവരുന്ന റെെറ്റ്-ലെഫ്‌റ്റ് ഓപ്പണിങ് കൂട്ടുക്കെട്ടിന് പടിക്കലിനെ ഉപയോഗിക്കാൻ സാധിക്കും. ശിഖർ ധവാന് പകരക്കാരനായി ദേവ്‌ദത്ത് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചാലും അത്ഭുതപ്പെടാനില്ല. പ്രായവും ദേവ്‌ദത്തിന് അനുകൂലമാണ്. 20 വയസ്സുള്ള പടിക്കലിന് ഓപ്പണർ റോളിൽ തിളങ്ങാൻ സാധിച്ചാൽ ഇന്ത്യയ്‌ക്ക് കുറേ വർഷത്തേക്ക് മറ്റൊരു താരത്തെ ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരില്ല. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ കലവറയില്ലാത്ത പിന്തുണയും പടിക്കലിനുണ്ട്.

Read Also: ആർ അശ്വിൻ, ജോ റൂട്ട്, കൈൽ മെയേഴ്സ്; ആരാവും ഐസിസി പ്ലേയർ ഓഫ് ദ മന്ത്?

ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി 20 പരമ്പരകളിൽ ദേവ്‌ദത്ത് ഇടം പിടിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. സയിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ആറ് മത്സരങ്ങളിൽ നിന്നു 218 റൺസ് നേടിയതിനു പിന്നാലെയാണ് വിജയ് ഹസാരെ ട്രോഫിയിലും ഈ ഇരുപതുകാരൻ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചത്. തുടർച്ചയായി ആഭ്യന്തര മത്സരങ്ങളിൽ മിന്നുന്ന ഫോം പുറത്തെടുക്കുന്ന പടിക്കലിനെ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ ഇന്ത്യൻ ടീം സെലക്‌ടേഴ്‌സിനും സാധിക്കില്ല.

രോഹിത് ശർമ, മായങ്ക് അഗർവാൾ, കെ.എൽ.രാഹുൽ, ശുഭ്‌മാൻ ഗിൽ, ശിഖർ ധവാൻ, പൃഥ്വി ഷാ തുടങ്ങിയവർക്കൊപ്പം ഇന്ത്യൻ ഓപ്പണർമാരുടെ പട്ടികയിലേക്ക് ദേവ്‌ദത്തും ഉടൻ സ്ഥാനം പിടിക്കും. ഏകദിന, ടി 20 മത്സരങ്ങളിലാണ് പടിക്കലിനെ കൂടുതൽ പരിഗണിക്കുക.

ഐപിഎല്ലിൽ ബാംഗ്ലൂരിന് വേണ്ടി 15 മത്സരങ്ങൾ കളിച്ച ദേവ്‌ദത്ത് പടിക്കൽ അഞ്ച് അർധ സെഞ്ചുറികളോടെ 473 റൺസാണ് കഴിഞ്ഞ സീസണിൽ നേടിയത്. 124.8 ആണ് പടിക്കലിന്റെ സ്ട്രൈക് റേറ്റ്. എട്ട് സിക്‌സും 51 ഫോറുമാണ് കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്. ബാംഗ്ലൂരിന്റെ എല്ലാ മത്സരങ്ങളിലും പടിക്കൽ ഓപ്പണർ വേഷത്തിലാണ് എത്തിയത്. ആ സീസണിലെ മികച്ച അൺക്യാപ് താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് പടിക്കലിന്റെ സ്ഥാനം. വരുന്ന ഐപിഎല്ലിലും ദേവ്‌ദത്ത് പടിക്കലിന്റെ റോൾ ആർസിബിയിൽ ഏറെ ശ്രദ്ധേയമായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook