ഇത്തവണ ഐപിഎല്ലിൽ ശ്രദ്ധേയമായ പോരാട്ടം കാഴ്‌ചവച്ച താരമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണർ ബാറ്റ്‌സ്‌മാൻ ദേവ്ദത്ത് പടിക്കൽ. ഈ സീസണിലെ എമർജിങ് പ്ലെയർ അവാർഡ് കരസ്ഥമാക്കിയത് ഇരുപതുകാരനായ ദേവ്‌ദത്ത് പടിക്കലാണ്.
ബാംഗ്ലൂരിന് വേണ്ടി 15 മത്സരങ്ങൾ കളിച്ച ദേവ്‌ദത്ത് പടിക്കൽ അഞ്ച് അർധ സെഞ്ചുറികളോട് 473 റൺസ് നേടി. 124.8 ആണ് പടിക്കലിന്റെ സ്ട്രൈക് റേറ്റ്. എട്ടി സിക്‌സും 51 ഫോറുമാണ് പടിക്കൽ ഈ സീസണിൽ നേടിയത്. ബാംഗ്ലൂരിന്റെ എല്ലാ മത്സരങ്ങളിലും പടിക്കൽ ഓപ്പണർ വേഷത്തിലാണ് എത്തിയത്. ആ സീസണിലെ മികച്ച അൺക്യാപ് താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് പടിക്കലിന്റെ സ്ഥാനം. ഫീൽഡിങ്ങിലും മികച്ച പ്രകടനമാണ് പടിക്കലിന്റേത്.
ഇന്ത്യൻ ടീമിൽ ഇടം നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് പടിക്കൽ പറയുന്നു. രാജ്യത്തിനുവേണ്ടി കളിക്കാനിറങ്ങുകയാണ് തന്റെ അടുത്ത ഘട്ടമെന്ന് അദ്ദേഹം ഇഎസ്‌പിഎൻ ക്രിക് ഇൻഫോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “രാജ്യത്തിനുവേണ്ടി കളിക്കുകയാണ് അടുത്ത ഘട്ടം. ഒരു ക്രിക്കറ്റർ എന്ന നിലയിൽ എല്ലാവരും സ്വപ്‌നം കാണുന്നത് അതാണ്. എത്രയും പെട്ടന്ന് ഈ സ്വപ്‌നം നേടിയെടുക്കാനാണ് ഞാൻ പ്രയത്‌നിക്കുന്നത്. ഞാൻ എന്റെ കളി തുടരും, കളി മെച്ചപ്പെടുത്താൻ ആവശ്യമായതെല്ലാം ചെയ്യും. അവസരം ലഭിച്ചാൽ ഇരു കൈകളും നീട്ടി ഞാൻ അത് സ്വീകരിക്കും,” ദേവ്‌ദത്ത് പറഞ്ഞു.
Read Also: സിഡ്‌നിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം വിമാനം തകർന്നുവീണു
അതേസമയം, താൻ ഐപിഎല്ലിൽ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളര്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ റാഷിദ് ഖാൻ ആണെന്ന് ദേവ്‌ദത്ത് പറഞ്ഞു. മികച്ച പേസും ടേണും ഉള്ള ബൗളറാണ് റാഷിദ് എന്നും അദ്ദേഹത്തിന്റെ പന്തുകളിൽ റൺസ് നേടാൻ ഏറെ ബുദ്ധിമുട്ടിയിരുന്നെന്നും ദേവ്‌ദത്ത് പടിക്കൽ പറഞ്ഞു.
ഇന്ത്യൻ ടീമിൽ ഇടം നേടുകയാണ് ദേവ്‌ദത്ത് ലക്ഷ്യമിടുന്നത്. ഇടംകെെയൻ ബാറ്റ്‌സ്‌മാൻ ആണെന്നത് പടിക്കലിന് ഏറെ ഗുണം ചെയ്യും. ഇന്ത്യ വർഷങ്ങളായി പരീക്ഷിച്ചുവരുന്ന റെെറ്റ്-ലെഫ്‌റ്റ് ഓപ്പണിങ് കൂട്ടുക്കെട്ടിന് പടിക്കലിനെ ഉപയോഗിക്കാൻ സാധിക്കും. ശിഖർ ധവാന് പകരക്കാരനായി ദേവ്‌ദത്ത് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചാലും അത്ഭുതപ്പെടാനില്ല. പ്രായവും ദേവ്‌ദത്തിന് അനുകൂലമാണ്. 20 വയസ്സുള്ള പടിക്കലിന് ഓപ്പണർ റോളിൽ തിളങ്ങാൻ സാധിച്ചാൽ ഇന്ത്യയ്‌ക്ക് കുറേ വർഷത്തേക്ക് മറ്റൊരു താരത്തെ ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരില്ല. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ കലവറയില്ലാത്ത പിന്തുണയും പടിക്കലിനുണ്ട്.