ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റ മത്സരത്തിൽ മിന്നും പ്രകടനവുമായി മലയാളി താരം ദേവ്ദത്ത് പടിക്കൽ. വിരാട് കോഹ്‌ലിയും എബി ഡി വില്ലിയേഴ്സും ആരോൺ ഫിഞ്ചുമടങ്ങുന്ന ലോകോത്തര ബാറ്റിങ് നിര അണിനിരക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിരയിൽ അർധസെഞ്ചുറിയുമായാണ് ദേവ്ദത്ത് കളം നിറഞ്ഞത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ ദേവ്ദത്ത് ബാംഗ്ലൂർ ഇന്നിങ്സിന് മികച്ച അടിത്തറയാണ് പാകിയത്.
പാർഥിവ് പട്ടേലിനു പകരം നായകൻ കോഹ്‌ലി ഓപ്പണറായാണ് ദേവ്ദത്തിനെ ക്രീസിലേക്ക് അയച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം ഐപിഎൽ വേദിയിലും ആവർത്തിച്ച ദേവ് തുടക്കം മുതൽ തന്നെ ബൗണ്ടറികൾ കണ്ടെത്തി. ഭുവനേശ്വർ കുമാറും സന്ദീപും അടങ്ങുന്ന പേസ് നിരയ്ക്കെതിരെ അക്രമിച്ച് കളിച്ച ദേവ് റാഷിദ് ഖാനെ നേരിടുമ്പോൾ അതീവ ശ്രദ്ധാലുവായിരുന്നു.
ബാംഗ്ലൂർ നിരയിലെ ടോപ്പ് സ്കോററായ ദേവ്ദത്ത് പടിക്കൽ എട്ട് തവണയാണ് ബൗണ്ടറി കണ്ടെത്തിയത്. 42 പന്തിൽ 56 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. നായകൻ വിരാട് കോഹ്‌ലിയുടെയടക്കം പ്രശംസ പിടിച്ചുപറ്റിയ താരം വരും മത്സരങ്ങളിലും ബാംഗ്ലൂർ മുൻനിരയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
His fine innings comes to an end as Devdutt Padikkal departs for 56.#Dream11IPL #SRHvRCB pic.twitter.com/sRKmCAq8b8
— IndianPremierLeague (@IPL) September 21, 2020
മലയാളിയായ ദേവ്ദത്ത് കര്‍ണാടകയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു. 11 മത്സരങ്ങളില്‍ നിന്നുമായി 609 റണ്‍സാണ് ദേവ്ദത്ത് സ്വന്തമാക്കിയത്. പിന്നീട് നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും 580 റണ്‍സോടെ ദേവ്ദത്തായിരുന്നു റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍.
അണ്ടർ 19 ലോകകപ്പിലുൾപ്പെട തിളങ്ങിയ താരം മലപ്പുറം എടപ്പാൾ സ്വദേശിയാണ്. ഇടംകയ്യൻ ബാറ്റ്സ്മാനായ ദേവ്ദത്തിന് ഇത്തവണ കൂടുതൽ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ തന്റെ മികവ് ഒന്നുകൂടെ അടിവരയിടാൻ ദേവ്‌ദത്തിന് ലഭിക്കുന്ന സുവർണാവസരവുമാകുമത്.