കുട്ടിക്രിക്കറ്റിൽ ഓരോ റൺസിനും വിലയുണ്ട്. അതുകൊണ്ട് തന്നെ മൈതാനത്ത് ആ ഒരു റണ്ണിനുവേണ്ടി താരങ്ങൾ പല സാഹസങ്ങൾക്കും മുതിരാറുണ്ട്. ബാംഗ്ലൂർ-ഡൽഹി പോരാട്ടത്തിൽ അത്തരത്തിലൊരു ശ്രമം വിജയമാക്കി ക്രിക്കറ്റ് ആരാധകരുടെ കയ്യടി ഏറ്റുവാങ്ങിയിരിക്കുകയാണ് മലയാളി താരം ദേവ്ദത്ത് പടിക്കൽ. ഡൽഹി നായകൻ ശ്രേയസ് അയ്യരെ പുറത്താക്കാനായിരുന്നു ബൗണ്ടറിയിൽ താരത്തിന്റെ അവിസ്മരണീയ ക്യാച്ച്.
മൊയിൻ അലിയുടെ പന്ത് ബൗണ്ടറി കടത്താനായിരുന്നു ശ്രേയസിന്റെ ശ്രമം. എന്നാൽ ബൗണ്ടറിയിൽ നിലയുറപ്പിച്ച ദേവ്ദത്ത് കൃത്യമായി പന്തിന്റെ വരവ് വിലയിരുത്തി. ലക്ഷ്യം പിഴക്കാതെ കൈപ്പിടിയിലാക്കുകയും ചെയ്തു. എന്നാൽ ബാലൻസ് തെറ്റി ബൗണ്ടറിക്കപ്പുറം കടക്കുമെന്ന് വന്നതോടെ പന്ത് വീണ്ടും വായുവിലേക്ക് എറിഞ്ഞു. ലൈനിനപ്പുറത്ത് പോയ താരം അതേ വേഗത്തിൽ തിരിച്ചെത്തി ക്യാച്ചെടുത്തു.
Another One of the best Catch #RCBvDC #RCB pic.twitter.com/QnRbLtgoNt
— Gufran Khan (@gufrankhanazmi) October 5, 2020
വെടിക്കെട്ട് തുടക്കം സമ്മാനിച്ച പൃഥ്വി ഷായെയും ശിഖർ ധവാനെയും നഷ്ടമായ ഡൽഹിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതായിരുന്നു ദേവ് എടുത്ത ശ്രേയസിന്റെ ക്യാച്ച്. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറി പ്രകടനവുമായി ടീമിനെ വിജയത്തിലെത്തി ശ്രേയസിനെ പുറത്താക്കിയത് ബാംഗ്ലൂരിനും മത്സരത്തിൽ ആത്മവിശ്വാസം നൽകി.
Also Read: സൺറൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടി; ഭുവനേശ്വർ കുമാർ ഐപിഎല്ലിൽ നിന്ന് പുറത്ത്
അതേസമയം ബാറ്റിങ്ങിൽ ഇത്തവണ തിളങ്ങാൻ ദേവ്ദത്തിനായില്ല. ഡൽഹി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി ഓപ്പണർ ദേവ്ദത്ത് നാല് റൺസ് മാത്രമാണ് നേടിയത്. ടൂർണമെന്റിൽ ഇതിനോടകം രണ്ട് അർധസെഞ്ചുറികൾ കണ്ടെത്തിക്കഴിഞ്ഞ താരം നായകൻ കോഹ്ലിയുടെയടക്കം പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു.
Also Read: ഡൽഹിക്കെതിരായ മത്സരത്തിൽ കോഹ്ലിയെ കാത്തിരിക്കുന്നത് ടി20യിലെ സുപ്രധാന നാഴികകല്ല്
മത്സരത്തിൽ തകർപ്പനടികളുമായി വെടിക്കെട്ട് തുടക്കം സമ്മാനിച്ച യുവതാരം പൃഥ്വി ഷായുടെ ബാറ്റിങ് മികവിലാണ് ഡൽഹി ക്യാപിറ്റൽസ് ബാംഗ്ലൂരിനെതിരെ 197 റൺസ് വിജയലക്ഷ്യം ഒരുക്കിയത്. നിശ്ചിത ഓവറിൽ നാല് നഷ്ടത്തിലാണ് ഡൽഹി 196 റൺസ് അടിച്ചെടുത്തത്. ഷാ പുറത്തായതോടെ പതുങ്ങിയ ഡൽഹി സ്കോർബോർഡ് അവസാന ഓവറുകളിൽ മാർക്കസ് സ്റ്റൊയിനിസും തകർത്തടിച്ച് മികച്ച സ്കോറിലെത്തിക്കുകയായിരുന്നു.