ക്രിക്കറ്റിലെ സമകാലിക കളിക്കാരിൽ ഏറ്റവും മികച്ച താരമെന്നാണ് സ്റ്റീവ് സ്‌മിത്തിനെ വാഴ്ത്തിയിരുന്നത്. എന്നാൽ അത്യുന്നതങ്ങളിൽ നിന്ന് ഒറ്റ വീഴ്ചയായിരുന്നു താരത്തിന്റേത്. ക്യാപ്റ്റൻസി മാത്രമല്ല, ഒരു വർഷത്തേക്ക് കളിയെ കുറിച്ച് ചിന്തിക്കുക പോലും വേണ്ടെന്നാണ് സ്റ്റീവ് സ്‌മിത്തിനോട് ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞിരിക്കുന്നത്.

പന്തിൽ കൃത്രിമത്വം കാണിച്ച സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ലോകത്തിന് മുഴുവൻ നാണക്കേടായി മാറിയെന്ന വിലയിരുത്തലാണ് ഉയർന്നത്. എന്നാൽ സംഭവം വിവാദമായ ഉടൻ കുറ്റം ഏറ്റുപറഞ്ഞ് സ്റ്റീവ് സ്മിത്ത് രംഗത്ത് വന്നിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ ശിക്ഷ പ്രഖ്യാപിച്ച ശേഷം ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ഹൃദയം തകർന്നാണ് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചത്.

താരത്തിന്റെ മാപ്പു പറച്ചിലും പൊട്ടിക്കരച്ചിലും ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ എല്ലാവരെയും വേദനിപ്പിച്ചിരിക്കുകയാണ്. ആത്മാർത്ഥമായ ക്ഷമാപണം എന്നാണ് സ്മിത്തിന്റെ പത്രസമ്മേളനം കണ്ടവരെല്ലാം പ്രതികരിച്ചിരിക്കുന്നത്. ആദ്യം സ്മിത്തിനെയും ക്രിക്കറ്റ് ഓസ്ട്രേലിയയെയും വിമർശിച്ചവർ പോലും സ്മിത്തിന്റെ ഇപ്പോഴത്തെ മനോനിലയിൽ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ വാക്കുകൾ തേടി.

മൈക്കൽ വോൺ, മുഹമ്മദ് കെയ്ഫ്, കെവിൻ പീറ്റേഴ്‌സൺ, സ്റ്റീവൻ ഫ്ലെമിങ് തുടങ്ങി നിരവധി താരങ്ങളാണ് സ്റ്റീവ് സ്മിത്തിന് ഇപ്പോൾ ട്വിറ്ററിലൂടെ ആശ്വാസവാക്കുകൾ അറിയിച്ചിരിക്കുന്നത്.

“അദ്ദേഹത്തിന്റെ വിഷമം മനസിലാക്കുന്നു. തിരിച്ചുവരവിനായി ആഗ്രഹിക്കുന്നു. തന്റെ ബാറ്റിങ് മികവുകൊണ്ട് അദ്ദേഹം ആരാധകരെ അഭിമാനം കൊള്ളിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ഒരു വർഷം വിലക്ക് നേരിട്ട് തിരികെ വന്ന ഷെയ്ൻ വോൺ ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 26 വിക്കറ്റുകൾ നേടിയത് ഓർമ്മിക്കുന്നു,” മുഹമ്മദ് കെയ്ഫ് ട്വിറ്ററിൽ കുറിച്ചു.

“സ്റ്റീവ് സ്മിത്തും ബാൻക്രോഫ്റ്റും മാന്യന്മാരാണെന്ന് ഞാൻ വിശ്വസിക്കുന്നു. നല്ല മനുഷ്യരും തെറ്റുകൾ വരുത്തും. അവർ ഒരു അവസരം കൂടി അർഹിക്കുന്നു. ഇപ്പോഴവർക്ക് വേണ്ടത് നല്ല പിന്തുണയാണ്,” മൈക്കൽ വോൺ കുറിച്ചു.

“പൊതുവായി ഉയർന്ന വിമർശനമാണ് അനുപാതമില്ലാത്ത ശിക്ഷക്ക് കാരണമായത്. ഇപ്പോഴുണ്ടായിരിക്കുന്ന സിംപതി ശിക്ഷ കുറയ്ക്കുമോ?” ആകാശ് ചോപ്ര ചോദിച്ചു. മികച്ച ക്രിക്കറ്റ് സമ്മാനിച്ചയാളാണ് താങ്കളെന്ന് സ്റ്റീവ് സ്മിത്തിനെ സൂചിപ്പിച്ച് കുറിച്ച ആകാശ് ചോപ്ര തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ