അട്ടിമറിവീരൻ എന്ന വിളിപ്പേര് അന്വർഥമാക്കി ഇന്ത്യയുടെ കിടമ്പി ശ്രീകാന്ത്. ഡെൻമാർക്ക് ഓപ്പൺ സീരിയസിന്റെ ക്വാർട്ടർ പോരാട്ടത്തിലാണ് കിടമ്പി ശ്രീകാന്ത് ലോക ഒന്നാം നമ്പർ താരം വിക്ടർ അക്സെൽസണെ അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്തിന്റെ വിജയം. സ്കോർ 14-21 , 22-20, 21- 7.

ഡെൻമാർക്കിന്റെ അഭിമാനതാരമായ വിക്ടർ അക്സെൽസനെതിരെ ആദ്യ സെറ്റിൽ നിലംതൊടാൻ ശ്രീകാന്തിന് ആയിരുന്നില്ല. 6 അടി 3 ഇഞ്ചുകാരനായ അക്സസൽസൺ തന്റെ ഉയരക്കൂടുതൽ മുതലാക്കിയാണ് കളിച്ചത്. അതിവേഗ ഷോട്ടുകളും മികച്ച നെറ്റ് ഷോട്ടുകളുമായി അക്സെൽസൺ ആദ്യ സെറ്റ് 14-21 എന്ന സ്കോറിന് സ്വന്തമാക്കുകയായിരുന്നു.

എന്നാൽ രണ്ടാം സെറ്റിൽ ശ്രീകാന്ത് തന്രെ സർവശക്തിയും പുറത്തെടുത്തു. ഒരോ പോയിന്റിനും വേണ്ടി കടുത്ത മത്സരം കാഴ്ചവച്ച ശ്രീകാന്ത് അക്സൽസണെ വിറപ്പിച്ചു. ഒടുവിൽ 22-20 എന്ന സ്കോറിന് രണ്ടാം സെറ്റ് സ്വന്തമാക്കി ശ്രീകാന്ത് മത്സരം മൂന്നാം സെറ്റിലേക്ക് നയിച്ചു.

മൂന്നാം സെറ്റിൽ ശ്രീകാന്തിന്റെ തകർപ്പൻ പ്രകടനമാണ് കണ്ടത്. എതിരാളിയെ എല്ലാമേഖലയിലും പിന്നിലാക്കി ശ്രീകാന്ത് കളം നിറഞ്ഞ് കളിച്ചപ്പോൾ അക്സൽസന്രെ ആരാധകർ നിശബ്ദരായി. ശ്രീകാന്തിന്റെ മുന്നേറ്റം മാനസികമായി തളർത്തിയ അക്സെൽസൺ ഒടുവിൽ തോൽവി സമ്മതിച്ചു. മൂന്നാം സെറ്റ് 21-7 എന്ന സ്കോറിനാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. ജയത്തോടെ ശ്രീകാന്ത് ഡെൻമാർക്ക് സൂപ്പർ സീരിയസിന്റെ സെമിഫൈനലിൽ പ്രവേശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ