ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡല്‍ഹി ജന്ദര്‍ മന്തറില്‍ സമരം തുടരുകയാണ്. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) അധ്യക്ഷനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ കായിക മന്ത്രാലയം രൂപീകരിച്ച അന്വേഷണ സമിതിയോട് ഡൽഹി പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡബ്ല്യുഎഫ്‌ഐ അധ്യക്ഷനെതിരെ ഇതുവരെ ഏഴ് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അവയെല്ലാം പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യക്തമായ തെളിവുകൾ ലഭിച്ചതിന് ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
”അന്വേഷണത്തിന്റെ ഭാഗമായി, ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ പരിശോധിക്കാൻ കായിക മന്ത്രാലയം രൂപീകരിച്ച അന്വേഷണ സമിതിയോട് ഞങ്ങൾ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഉദ്യോഗസ്ഥൻ പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങൾ അന്വേഷിച്ച മേൽനോട്ട സമിതിയുടെ കണ്ടെത്തലുകൾ സർക്കാർ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ അവാർഡ് ജേതാക്കളായ നിരവധി ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നുണ്ട്.
ബിജെപി നേതാവും ക്രിമിനൽ ചരിത്രവുമുള്ള സിങ്ങിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ബോക്സിങ് താരം എം.സി മേരി കോമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മേൽനോട്ട സമിതിയെയാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ നിയോഗിച്ചത്.