കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരമായിരുന്നു ടേബിള്‍ ടെന്നീസ് താരം മാണിക ബത്ര. രണ്ട് സ്വര്‍ണ മെഡലുകളടക്കം നാലു മെഡലുകള്‍ നേടി രാജ്യത്തിന്റെ ഹീറോയിനായി മാറിയ മാണികയെ തേടി അഭിനന്ദനങ്ങളുടേയും പാരിതോഷികങ്ങളുടേയും പ്രവാഹമായിരുന്നു. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് കഴിഞ്ഞ് നാല് മാസമായിട്ടും താരത്തിന് വാഗ്‌ദാനം ചെയ്ത പണവും മറ്റ് പാരിതോഷികങ്ങളുമെല്ലാം ഇപ്പാഴും വാഗ്‌ദാനം മാത്രമായി തുടരുകയാണ്.

ടീം ഇനത്തിലും സിംഗിള്‍സിലുമായിരുന്നു മാണിക ബത്ര സ്വര്‍ണം നേടിയത്. ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും സില്‍വറും നേടിയിരുന്നു. നിലവിലെ രീതി പ്രകാരം സ്വര്‍ണ മെഡല്‍ നേടിയാല്‍ നല്‍കുന്ന പാരിതോഷികം 14 ലക്ഷം രൂപയും വെള്ളി നേടിയാല്‍ പത്ത് ലക്ഷം രൂപയും വെങ്കലത്തിന് ആറ് ലക്ഷവുമാണ് ഡല്‍ഹി സര്‍ക്കാര്‍ നല്‍കുന്നത്. ഹരിയാനയിലും തമിഴ്‌നാട്ടിലും താരങ്ങള്‍ക്ക് നല്‍കുന്നത് 1.5 കോടി വരെയാണ്. തുക മാറ്റി നിശ്ചയിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്യങ്ങളിങ്ങനെ ആണെങ്കിലും മാണികയ്ക്ക് വാഗ്‌ദാനം ചെയ്ത പാരിതോഷികം ഇപ്പോഴും ചുവപ്പു നാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതു സംബന്ധിച്ച ഫയല്‍ ക്യാബിനറ്റിന്റെ അംഗീകാരത്തിനായി അയച്ചുകൊടുത്തിരിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ എല്ലാം പെട്ടെന്നു തന്നെ ശരിയാകുമെന്നും മാണിക പറഞ്ഞു.

അതേസമയം മറ്റ് സംസ്ഥാനങ്ങളൊക്കെ തങ്ങളുടെ താരങ്ങള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ പാരിതോഷികം നല്‍കിയപ്പോള്‍ മാണികയ്ക്ക് മാത്രം കാത്തിരിക്കേണ്ടി വരുന്നത് ശരിയല്ലെന്ന് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ സെക്രട്ടറി എം.പി.സിങ് പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മാണിക സന്ദര്‍ശിച്ചിരുന്നു. അദ്ദേഹവും പൂര്‍ണ്ണ പിന്തുണ വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ