ന്യൂഡൽഹി: ഐപിഎല്ലിൽ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ഡൽഹി ഡെയർ ഡെവിൾസിന് കരുത്ത് പകരാൻ പുതിയൊരു താരം കൂടി ടീമിനൊപ്പം ചേർന്നു. വെസ്റ്റൻഡീസ് ബാറ്റ്സ്മാൻ മർലോൺ സാമുവൽസാണ് ഡൽഹി ടീമിൽ എത്തിയത്. പരിക്കിനെ തുടർന്ന് ഐപിഎല്ലിൽ നിന്ന് പിന്മാറിയ ദക്ഷിണാഫ്രിക്കൻ താരം ക്വന്റൺ ഡിക്കോക്കിന് പകരക്കാരനായാണ് സാമുവൽസ് ടീമിലേക്ക് എത്തുന്നത്.

പരിചയ സമ്പന്നനായ മർലോൺ സാമുവൽസ് ടീമിൽ എത്തിയതോടെ ഡൽഹിയുടെ ബാറ്റിങ് കരുത്താർജ്ജിക്കുമെന്നാണ് വിലയിരുത്തൽ. യുവതാരങ്ങളിൽ മാത്രം പ്രതീക്ഷ അർപ്പിച്ച് തുടങ്ങിയ ഡൽഹി തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും പിന്നീട് പല മത്സരങ്ങളും അനായാസം തോറ്റു. ബാറ്റിങ് നിര പരാജയപ്പെട്ടതാണ് ഡൽഹിയെ തോൽവിയിലേക്ക് തള്ളിവിട്ടത്. ഐപിഎല്ലില്‍ ആറ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ രണ്ട് ജയവും നാല് തോല്‍വിയുമായി പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഡല്‍ഹിയിപ്പോള്‍.

36കാരനായ സാമുവല്‍സ് ഐപിഎല്‍ താരലേലത്തില്‍ ഒരു കോടി രൂപ വിലയുളള താരമായിരുന്നു. എന്നാല്‍ സാമുവല്‍സിനെ സ്വന്തമാക്കാന്‍ ഒരു ടീമും തയാറായിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 149 ട്വന്റി-20 മത്സരങ്ങള്‍ കളിച്ചിട്ടുളള സാമുവല്‍സ് 32 റൺസ് ശരാശരിയില്‍ നാലായിരത്തിനടുത്ത് റണ്‍സും നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ