ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഈയടുത്ത് വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ ഡല്‍ഹിയിലെ സകേത് കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തിയ തട്ടിപ്പിനെ തുടര്‍ന്നാണ് ഗംഭീറിനെതിരെ കേസെടുത്തത്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാ രുദ്ര ബില്‍ഡ്‍വെല്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. സ്ഥാപനവും സ്ഥാപനത്തിന്റെ ഡയറക്ടര്‍ മുകേഷ് ഖുരാനയും തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.

ഡല്‍ഹിയില്‍ ഫ്ലാറ്റ് നല്‍കാമെന്ന് പറഞ്ഞ് ഉറപ്പ് നല്‍കി കമ്പനി നിരവധി പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാല്‍ കമ്പനി തങ്ങളുടെ പണം തട്ടിയെടുത്തതായി നിരവധി പേരാണ് പരാതിപ്പെട്ടത്. ഗംഭീറാണ് ബ്രാന്‍ഡ് അംബാസിഡറെന്ന് അറിഞ്ഞാണ് തങ്ങള്‍ രുദ്ര ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതെന്നാണ് പരാതിക്കാര്‍ കോടതിയെ അറിയിച്ചത്. ഇന്ദിരാപുരത്ത് ഫ്ലാറ്റുകള്‍ നല്‍കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തെങ്കിലും നിക്ഷേപകരെ പറ്റിക്കുകയായിരുന്നു.

എന്നാല്‍ തനിക്കെതിരായ ഹര്‍ജി റദ്ദാക്കണമെന്ന ഗംഭീറിന്റെ ആവശ്യം കോടതി നേരത്തേ നിരാകരിച്ചിരുന്നു. താന്‍ വെറുമൊരും അംബാസിഡര്‍ മാത്രമാണെന്നും നിക്ഷേപകരെ പറ്റിച്ചിട്ടില്ലെന്നും ഗംഭീര്‍ വാദിച്ചെങ്കിലും കോടതി ഇതം അംഗീകരിച്ചില്ല.

സകേത് കോടതി ജഡ്ജിയായ മനീഷ് ഖുരാനയാണ് ഗംഭീറിനെതിരെ ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചത്. ഗംഭീറിന്റെ ഹര്‍ജി തളളിയതിന് ശേഷം നിരവധി തവണ ഗംഭീര്‍ കോടതിയില്‍ ഹാജരാവാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലുമായി ഇന്ത്യക്ക് വേണ്ടി പതിനായിരത്തിലധികം റൺസ് നേടിയ താരമാണ് ഗംഭീർ. ഇന്ത്യക്കായി 58 ടെസ്റ്റ് മത്സരങ്ങൾ കളിച്ച 4154 റൺസ് നേടിയപ്പോൾ, 147 മത്സരങ്ങളിൽ ഇന്ത്യയുടെ നീലകുപ്പായത്തിൽ താരം അടിച്ചുകൂട്ടിയത് 5238 റൺസാണ്. 37 ടി20 മത്സരങ്ങളിൽ നിന്നും 932 റൺസും നേടി.
ഇന്ത്യ ലോകകിരീടം ഉയർത്തിയ 2011ൽ ടീമിലെ നിർണ്ണായക സാനിധ്യമായിരുന്നു ഗംഭീർ. ലോകകപ്പ് ഫൈനൽ മത്സരത്തിൽ അതിവേഗം ഇന്ത്യയുടെ ഓപ്പണർമാർ മടങ്ങിയപ്പോൾ ക്രീസിൽ നിലയുറപ്പിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഗംഭീർ. സെഞ്ചുറിക്കരികിൽ ഗംഭീർ വീണെങ്കിലും വിജയതീരത്ത് ഇന്ത്യയെ എത്തിക്കുന്നതിൽ ഗംഭീറിന്റെ ഇന്നിങ്സ് നിർണ്ണായകമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook