Vivo IPL 2019, Mumbai Indians vs Delhi Capitals Live Score:ഐപിഎൽ വിജയത്തോടെ തുടങ്ങി ഡൽഹി ക്യാപിറ്റൽസും. മുംബൈ ഇന്ത്യൻസിനെതിരെ 37 റൺസിന്റെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ഡൽഹി ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 19.2 ഓവറിൽ 176 റൺസെടുക്കാനെ സാധിച്ചുള്ളു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് അടിച്ചുകൂട്ടിയത്. 27 പന്തിൽ 78 റൺസ് നേടിയ യുവതാരം ഋഷഭ് പന്ത് നിറഞ്ഞാടിയ മത്സരത്തിൽ ശിഖർ ധവാനും കോളിൻ ഇൻഗ്രാമും മികച്ച പിന്തുണ നൽകുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ 10ൽ നിൽക്കെ പൃഥ്വി ഷായും 29ൽ നിൽക്കെ ശ്രേയസും മടങ്ങി. എന്നാൽ പിന്നീട് ശിഖർ ധവാനും കോളിനും തകർത്തടിച്ചതോടെ ടീം സ്കോർ ഉയർന്നു. ഇരുവരും പുറത്തായതോടെ ബാറ്റിങ്ങ് ഉത്തരവാദിത്വം ഏറ്റെടുത്ത പന്ത് മുംബൈ ബോളർമാരെ കണക്കിന് പ്രഹരിച്ചു. ഇതോടെ 213 റൺസിലേയ്ക്ക് ഡൽഹി എത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ മുംബൈ പൊരുതി നോക്കിയെങ്കിലും വിജയം സ്വന്തമാക്കാൻ സാധിച്ചില്ല. അർധസെഞ്ചുറി നേടിയ യുവരാജ് സിങ്ങിന്റെയും 32 റൺസ് നേടിയ ക്രുണാൽ പാണ്ഡ്യയുടെയും ചെറുത്തുനിൽപ്പും ഫലം കാണാതെ വന്നതോടെ മുംബൈ പരാജയത്തിലേയ്ക്ക് നീങ്ങി. അടിമുടി മാറ്റവുമായെത്തിയ ഡൽഹി വരവറിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.