ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത പതിപ്പിനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാണ്. താരങ്ങളുടെ കൈമാറ്റങ്ങളും ചർച്ചകളുമെല്ലാം പുരോഗമിക്കുന്നു. ഇതിനിടയിലാണ് നിർണായകമായ ഒരു മാറ്റത്തിന് ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് വരുന്നത്. വ്യാഴാഴ്ച ട്രാൻസ്ഫർ വിൻഡോ അവസാനിക്കാനിരിക്കെ രാജസ്ഥാൻ റോയൽസ് മുൻ നായകൻ അജിൻക്യ രഹാനെ ഡൽഹിയിലേക്ക് കൂടുമാറിയേക്കും. പകരം യുവതാരം പൃഥ്വി ഷാ രാജസ്ഥാനിലെത്തുമെന്നാണ് കരുതുന്നത്.
ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയൊണെന്നും ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് തന്നെ തീരുമാനമുണ്ടാകുമെന്നും ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Also Read: റോബിൻ ഉത്തപ്പയുടെ കരുത്തിൽ കേരളം; വിദർഭയ്ക്കെതിരെ തകർപ്പൻ ജയം
ഏറെ നാളുകൾക്ക് ശേഷം നിശ്ചിത ഓവർ ക്രിക്കറ്റിലും തങ്ങളുടെ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ കൂടിയായ അജിൻക്യ രഹാനെ. 2011ൽ മുംബൈ ഇന്ത്യൻസിൽ നിന്നുമാണ് രഹാനെ രാജസ്ഥാനിലെത്തുന്നത്. ഓപ്പണറെന്ന നിലയിലും നായകനെന്ന നിലയിലും രാജസ്ഥാനുവേണ്ടി കളിച്ച താരം ഡൽഹിയിലേക്ക് എത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
Also Read: ലോകകപ്പ് യോഗ്യത: അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് വിജയം അത്ര എളുപ്പമാകില്ല
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം രണ്ട് സെഞ്ചുറികൾ തന്റെ അക്കൗണ്ടിലുള്ള രഹാനെ മിന്നും പ്രകടനങ്ങളുമായി പലപ്പോഴും കാണികളെ ത്രസിപ്പിച്ചിട്ടുണ്ട്. 2012ൽ രാജസ്ഥാന് വേണ്ടി ഏറ്റവുമധികം റൺസ് നേടിയതും രഹാനെയായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിന്റെ പാതിയോടെ മോശം പ്രകടനത്തെ തുടർന്ന് രഹാനെയെ നായക സ്ഥാനത്തുനിന്നും മാറ്റി പകരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ നിയമിച്ചിരുന്നു. 14 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറി ഉൾപ്പടെ 393 റൺസാണ് രഹാനെ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്.