ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ ഡൽഹിയ്ക്കും പൂനെയ്ക്കും സമനില തുടക്കം. ഒരോ ഗോളുകൾ വീതം നേടിയാണ് ഇരു ടീമുകളും മത്സരം അവസാനിപ്പിച്ചത്. നാടകീയമായിരുന്നു പൂനെയുടെ സമനില നേട്ടം. മത്സരം അവസാനിക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പ് വരെ പിന്നിലായിരുന്ന പൂനെ അവസാന നിമിഷമാണ് ഡൽഹിക്കൊപ്പമെത്തിയത്.

കളിയുടെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റില്‍ റാണ ഗരാമിയുടെ ഗോളിൽ ഡൽഹി മുന്നിലെത്തുകയായിരുന്നു. ബോക്‌സിന് പുറത്ത് നിന്നും റാണ ഗരാമി തൊടുത്ത സൂപ്പര്‍ ഷോട്ട് പൂനെ ഗോളിയെ കടത്തിവെട്ടി ഗോൾവല ചലിപ്പിച്ചു.

രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള പൂനെയുടെ ശ്രമങ്ങൾ വ്യക്തമായിരുന്നു. എന്നാൽ 88 -ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു പൂനെക്ക് തിരിച്ചടിക്കാൻ.മത്സരം ഡല്‍ഹി ജയിച്ചെന്നു കരുതിയ സമയത്താണ് ഡിയാഗോ കാര്‍ലോസിന്റെ വക പൂനെയുടെ സമനില വരുന്നത്.

മലയാളി താരം ആഷിഖ് കുരുണിയന്റെ പ്രകടനം കളിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗോളെന്നുറപ്പിച്ച നിരവധി മുന്നേറ്റങ്ങൾ തുടക്കം മുതൽ ആഷിഖും കൂട്ടരും സൃഷ്ടിച്ചുകൊണ്ടെയിരുന്നു. നാലാം മിനിറ്റില്‍ തന്നെ ആഷിഖിന്റെ മുന്നേറ്റം ഡല്‍ഹി പ്രതിരോധത്തെ വിറപ്പിച്ചു. ഏറെ വൈകാതെ പതിമൂന്നാം മിനിറ്റില്‍ വീണ്ടും ആഷിഖിന്റെ മുന്നേറ്റം. എന്നാൽ ഗോൾ മാത്രം അകന്നു നിന്നു. ആഷിഖ് കുരുണിയൻ തന്നെയാണ് മത്സരത്തിലെ എമേർജിങ് പ്ലേയറും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook