ജീവിതത്തില്‍ എന്തെങ്കിലും സംഭവിക്കുമ്പോള്‍ ‘ശ്ശെടാ, ഇത് മുമ്പ് സംഭവിച്ചതല്ലേ?’ എന്ന് നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ദേജാവു എന്നു വിളിക്കുന്ന ഈ പ്രതിഭാസം ഫുട്‌ബോള്‍ കളിക്കളത്തില്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഡച്ച് ലീഗില്‍ അജാക്‌സ് നേടിയ ഒരു ഗോളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

വിറ്റെസെക്കെതിരെ അജാക്‌സ് നേടിയ ഗോള്‍ വീഡിയോ റഫറി നിഷേധിച്ചപ്പോള്‍ മുപ്പതു സെക്കന്റിനകം അതേ രീതിയില്‍ തന്നെ വീണ്ടും ഗോള്‍ നേടിയാണ് ആരാധകരെ വിസ്മയിപ്പിച്ചത്. വിറ്റെസെ ആണ്‍ഹെമിനെതിരെ അജാക്‌സ് നാലു ഗോളുകള്‍ക്ക് വിജയിച്ച മത്സരത്തിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയത്.

മൊറോക്കന്‍ താരം ഹക്കിം സിയക്കിന്റെ അസിസ്റ്റില്‍ നിന്നും ഹണ്ട്‌ലര്‍ തന്നെയാണ് ഗോള്‍ നേടിയത്. എന്നാല്‍ സിയക്ക് ഓഫ്‌സൈഡാണെന്നു വീഡിയോ റഫറി കണ്ടെത്തിയതിനെ തുടര്‍ന്ന് റഫറി ഗോള്‍ നിഷേധിച്ചു. എന്നാല്‍ സമാനമായ ഗോള്‍ തന്നെ അജാക്‌സ് വീണ്ടും നേടുകയായിരുന്നു. ദുസന്‍ ടാഡിച്ചിന്റെ അസിസ്റ്റില്‍ ഹണ്ട്‌ലര്‍ തന്നെയാണ് മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോള്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ ഡച്ച് ലീഗ് കിരീടം നഷ്ടപ്പെടുത്തിയ അജാക്‌സ് ഇത്തവണ മികച്ച ഫോമിലാണ് കളിക്കുന്നത്. നാലു മത്സരങ്ങളില്‍ നിന്നും പത്തു പോയിന്റുമായി പിഎസ്‌വിയുടെ തൊട്ടു പുറകില്‍ രണ്ടാം സ്ഥാനത്താണ് അജാക്‌സ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook