യൂവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് പുറത്തായി. രണ്ടാം പാദത്തില്‍ പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചെങ്കിലും എവെ ഗോളിന്റെ അടിസ്ഥാനത്തില്‍ ഫ്രഞ്ച് ടീം സെമി ഫൈനലില്‍ എത്തി. ആദ്യ പാദത്തില്‍ പിഎസ്ജി 3-2ന് ജയം സ്വന്തമാക്കിയിരുന്നു.
ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് നെയ്മറും കൂട്ടരും സെമിയിലെത്തുന്നത്. ജയം അനിവാര്യമായിരുന്ന ബയേണ്‍ തുടക്കം മുതല്‍ ഗോളിനായുള്ള പരിശ്രമങ്ങള്‍ നടത്തി. പന്തടക്കത്തിലും മുന്നേറ്റത്തിലും ആധിപത്യം പുലര്‍ത്തി. 14 ഷോട്ടുകളാണ് ബയേണ്‍ മുന്നേറ്റ നിര തൊടുത്തത്.
40-ാം മിനുറ്റില്‍ എറിക് മാക്സിം ആണ് ബയേണിനായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ പിഎസ്ജിയുടെ ആക്രമണമായിരുന്നു കൂടുതല്‍. കെയിലിയന്‍ എംബാപ്പയും നെയ്മറും ബയേണ്‍ ഗോള്‍ മുഖം തുടരെ തുടരെ ആക്രമിച്ചു. 78-ാം മിനുറ്റില്‍ എംബാപ്പയുടെ ഷോട്ട് മാനുവല്‍ നൂയറെ മറികടന്നെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
ആദ്യ പാദത്തില്‍ നേടിയ രണ്ട് ഗോളിന്റെ ജയമാണ് പോര്‍ട്ടോയ്ക്കെതിരെ ചെല്‍സിയെ സെമിയിലെത്തിച്ചത്. രണ്ടാം പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പോര്‍ട്ടൊ ജയിച്ചു. മത്സരത്തിന്റെ അധികസമയത്ത് മെഹ്ദി തരേമിയാണ് ലക്ഷ്യം കണ്ടത്. ഇത് എട്ടാം തവണയാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തുന്നത്.