നെയ്വേലി: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണമേഖല യോഗ്യത റൗണ്ടിൽ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിക്കുന്നു. പുതുച്ചേരിക്കെതിരായ നിര്‍ണായക മത്സരത്തില്‍ കേരളം ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണിത്. നേരത്തെ തെലങ്കാനയ്ക്കെതിരായ മത്സരത്തിലും കേരളം ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. ഇതോടെ ഗ്രൂപ്പിൽ ഒരു കളി ജയിച്ച സർവീസസ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുമെന്ന് ഉറപ്പായി.
ഇന്ന് തെലങ്കാനയ്ക്ക് എതിരെ സർവീസസ് പരാജയപ്പെടുകയും കേരളം അടുത്ത മത്സരത്തിൽ സർവീസസിനെ തോൽപ്പിക്കുകയും ചെയ്താൽ മാത്രമേ ഇനി സാധ്യതയുളളൂ. ആദ്യ രണ്ട് മത്സരത്തിൽ നിന്ന് ആകെ രണ്ട് പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. പുതുച്ചേരിക്ക് ഒരു പോയിന്റും തെലങ്കാനയ്ക്ക് ഒരു പോയിന്റും ഉണ്ട്. എന്നാൽ ആദ്യ മത്സരത്തിൽ പുതുച്ചേരിയെ തോൽപ്പിച്ച സർവീസസിന് മൂന്ന് പോയിന്റുണ്ട്.
കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫി ചാമ്പ്യൻ സ്ഥാനത്ത് നിന്നാണ് ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ കേരളം പുറത്താവുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഒരു ടീം മാത്രമേ അടുത്ത റൗണ്ടിലേക്ക് കടക്കൂ. ഗോളടിക്കുന്നതിൽ മുന്നേറ്റ നിര വരുത്തിയ പിഴവുകളാണ് കേരളത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്. ആദ്യ പകുതിയിൽ നാലിലധികം അവസരങ്ങൾ കേരളത്തിന് തുറന്നുകിട്ടിയിരുന്നു. എന്നാൽ ഒരിക്കൽ പോലും പന്ത് വലയിലാക്കാൻ കേരളത്തിന് സാധിച്ചില്ല.
തെലങ്കാനയ്ക്കെതിരായ ആദ്യ മത്സരത്തില്‍ നിന്ന് മൂന്നു മാറ്റങ്ങളുമായാണ് കേരള ടീമിനെ വി.പി.ഷാജി ഇറക്കിയത്. മുഹമ്മദ് ഷെരീഫ്, ജിപ്സണ്‍, മുഹമ്മദ് ഇനായത്ത് എന്നിവര്‍ക്കു പകരം സജിത്ത് പൗലോസ്, അനുരാഗ്, സഫ്വാന് എന്നിവര്‍ കളത്തിലെത്തി. രണ്ടാം പകുതിയിൽ വളരെ മോശം പ്രകടനമായിരുന്നു കേരളത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. അനായാസം സമനില പിടിക്കാൻ ഇതോടെ പുതുച്ചേരിക്കായി.