തിരുവനന്തപുരം: ബംഗ്ലാദേശിനെതിരായ അവസാന ടി20യിലെ ദീപക് ചാഹറിന്റെ മിന്നും പ്രകടനം സൃഷ്ടിച്ച ഓളം ഇതുവരെയും അടങ്ങിയിട്ടില്ല. വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറ് റണ്‍സാണ് ചാഹര്‍ വീഴ്ത്തിയത്. ഇതിലൊരു ഹാട്രിക്കും ഉള്‍പ്പെടും. ഈ പ്രകടനത്തിലൂടെ ടി20 ക്രിക്കറ്റില്‍ ചരിത്രം കുറിക്കുകയായിരുന്നു ചാഹര്‍ ചെയ്തത്. ആ പ്രകടനത്തിന്റെ ആവേശം കെട്ടടങ്ങും മുമ്പ് ഇതാ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ചാഹര്‍.

ഞായറാഴ്ച നാഗ്പൂരില്‍ ഹാട്രിക് നേടിയ ചാഹര്‍ ഇന്ന് തിരുവനന്തപുരത്തും ഹാട്രിക് നേടിയിരിക്കുകയാണ്. വിദര്‍ഭയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ടി20 മത്സരത്തിലായിരുന്നു ചാഹര്‍ ഹാട്രിക് നേടിയത്. രാജസ്ഥാന്‍ താരമായ ചാഹര്‍ മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഇന്ന് നേടിയത്.

Read More: ബംഗ്ലാകടുവകളെ വീഴ്ത്തിയ ഇന്ത്യൻ സിംഹക്കുട്ടി; നാഗ്‌പൂരിൽ ചരിത്രമെഴുതി ദീപക് ചാഹർ

ദര്‍ശന്‍ നാല്‍ക്കണ്ടെ, ശ്രീകാന്ത് വാഗ്, അക്ഷയ് വാദ്കര്‍ എന്നിവരുടെ വിക്കറ്റുകളാണ് ദീപക് ചാഹര്‍ നേടിയത്. വിദര്‍ഭ ഇന്നിങ്‌സിന്റെ അവസാന ഓവറിലായിരുന്നു ചാഹര്‍ ഹാട്രിക് നേടിയത്. ഞായറാഴ്ച ടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമായി ചാഹര്‍ മാറിയിരുന്നു. കൂടാതെ ടി20യിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും ചാഹറിന്റെ പേരിലായി മാറിയിരുന്നു.

തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ചാഹര്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. ഐപിഎല്ലില്‍ നിന്നും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് ഉയര്‍ന്നു വന്ന ചാഹര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ അധികനാള്‍ വേണ്ടി വരില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook