ചെന്നൈ: ഐപിഎല്ലിന്റെ അടുത്ത സീസണിൽ മഹേന്ദ്ര സിങ് ഡോണിയെ ടീമിൽ നിലനിർത്തണോ വേണ്ടയോ എന്നതിനെക്കുറിച്ച് തീരുമാനം എടുക്കുന്നത് നിയമങ്ങൾ അറിഞ്ഞതിനുശേഷം മാത്രമാണെന്ന് ചെന്നൈ സൂപ്പർ കിങ്സ്.
ടീമിൽ താരങ്ങളെ നിലനിർത്തുന്നത് സംബന്ധിച്ച ചട്ടങ്ങൾ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല, കൂടാതെ അടുത്ത സീസണിലേക്ക് രണ്ടു പുതിയ ടീമുകൾ കൂടി വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിഎസ്കെ മാനേജ്മെന്റിലെ ഉന്നതനിൽ നിന്നുള്ള പ്രതികരണം.
“നിലനിർത്തുന്നതിനുള്ള നിയമങ്ങൾ ഇതുവരെ വ്യക്തമല്ല. എത്രപേരെ നിലനിർത്താം എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. നിയമങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ അതിൽ തീരുമാനവുമുണ്ടാകും,” ധോണിയെ നിലനിർത്തുന്നതിനെ കുറിച്ചു ചോദിച്ചപ്പോൾ ചെന്നൈ സൂപ്പർ കിങ്സിലെ ഉന്നത വൃത്തം പിടിഐയോട് പറഞ്ഞു.
വെള്ളിയാഴ്ച ദുബായിൽ വെച്ച് നടന്ന ഐപിഎൽ ഫൈനലിൽ ചെന്നൈയെ നാലാം കിരീടത്തിലേക്ക് നയിച്ച ധോണി അടുത്ത വർഷവും ടീമിനെ നയിക്കാൻ ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
ചെന്നൈക്കായി അടുത്ത പത്തു വർഷത്തേക്കുള്ള ഒരു റോഡ്മാപ് തയ്യാറാക്കാൻ ആഗ്രഹിക്കുന്നതായി ധോണി നേരത്തെ പറഞ്ഞിരുന്നു.
Also Read: ധോണിയുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്ധിപ്പിക്കും: കോഹ്ലി
“ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്, അത് ബിസിസിഐയെ ആശ്രയിച്ചിരിക്കുന്നു. രണ്ട് പുതിയ ടീമുകൾ വരുന്നതിനാൽ, സിഎസ്കെക്ക് എന്താണ് നല്ലതെന്ന് തീരുമാനിക്കണം,”
“ഞാൻ ആദ്യ മൂന്നോ നാലോ സ്ഥാനങ്ങളിൽ നിൽക്കുന്നതിനെക്കുറിച്ചല്ല. ഫ്രാഞ്ചൈസി കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ശക്തമായ കാതൽ ഉണ്ടാക്കുക എന്നതാണ്. അടുത്ത 10 വർഷത്തേക്ക് ആർക്കാണ് നല്ല സംഭാവന നൽകാൻ കഴിയുകയെന്ന് നോക്കേണ്ടതുണ്ട്,” ഐപിഎൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തോൽപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു.
ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായ ധോണി ആ ചുമതല പൂർത്തിയാക്കിയ ശേഷമായിരിക്കും ടീമിന്റെ വിജയാഘോഷം എന്നും മാനേജ്മെന്റ് വൃത്തം വ്യക്തമാക്കി.