ഓസീസ് നായകന്‍ ടിം പെയിനിനെ പുറത്താക്കാന്‍ സൂപ്പര്‍ മാന്‍ ക്യാച്ചുമായി ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗര്‍. വിവാദങ്ങള്‍ കൊണ്ട് സമ്പന്നമായ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലായിരുന്നു എല്‍ഗറുടെ അമാനുഷിക ക്യാച്ച് പിറന്നത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 488 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഓസീസിന് ആദ്യമേ തന്നെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 110 ന് ആറ് എന്ന നിലയില്‍ നില്‍ക്കെ ക്യാപ്റ്റന്റെ പ്രകടനവുമായി ടിം പെയിന്‍ ഓസ്‌ട്രേലിയയെ കൈപിടിച്ച് മുന്നോട്ട് നയിക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ട് പെയിന്‍ പടുത്തുയര്‍ത്തി.

221 റണ്‍സിന് മുഴുവന്‍ താരങ്ങളും പുറത്താകുമ്പോള്‍ അവാസനത്തെ വിക്കറ്റ് വീണത് പെയിനിന്റേതായിരുന്നു. കേശവ് മഹാരാജിനെ ഡീപ്പ് മഡ് വിക്കറ്റിലൂടെ പായിച്ചായിരുന്നു പെയിന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സ്‌കോര്‍ 62 ല്‍ എത്തി നില്‍ക്കെ റബാഡെയുടെ പന്ത് പൊക്കിയടിക്കുകയായിരുന്നു പെയിന്‍. എന്നാല്‍ പന്തിന് പിന്നാലെ ഓടിയ എല്‍ഗര്‍ വശത്തേക്ക് ചാടി പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു.

പിന്നാലെ ഓസീസിനെ ഫോളോ ഓണിന് വിടാതെ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ പോര്‍ട്ടീസിന്റെ ലീഡ് 401 റണ്‍സായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ