സെഞ്ചൂറിയൻ: സെഞ്ചൂറിയൻ ടെസ്റ്റിൽ ഡിയാൻ എൽഗറിന്റെ വിക്കറ്റ് വീണപ്പോൾ സന്തോഷം കൊണ്ട് തുളളിച്ചാടുകയായിരുന്നു വിരാട് കോഹ്‌ലി. അർധ സെഞ്ചുറി നേടിയ എൽഗറിനെ (61) മുഹമ്മദ് ഷമിയാണ് വീഴ്ത്തിയത്. വിക്കറ്റ് വീണപ്പോൾ എൽഗറിനെ നോക്കി കോഹ്‌ലി പ്രകോപനപരമായ ചില ചേഷ്ടകൾ കാട്ടി. പക്ഷേ അപ്പോഴും എൽഗറിന്റെ മുഖത്ത് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല. കോഹ്‌ലിയുടെ പ്രവൃത്തിയെ ഒട്ടും ഗൗനിക്കാതെ എൽഗർ പവനിയലിലേക്ക് മടങ്ങി.

മൽസരശേഷം കോഹ്‌ലിയുടെ പ്രവൃത്തിയെക്കുറിച്ച് മാധ്യമപ്രവർത്തകർ എൽഗറിനോട് ചോദിച്ചു. ”രണ്ടു ടീമിനും ജയമാണ് ലക്ഷ്യം. ഫീൽഡിറങ്ങിയാൽ പിന്നെ ജയം മാത്രമേ ഞങ്ങളുടെ മുന്നിലുളളൂ. അതിനാൽ തന്നെ മൽസര ബുദ്ധിയോടെ ആയിരിക്കും ഞങ്ങളും പെരുമാറുക. വിരാട് കോഹ്‌ലി ആക്രമണകാരിയായ കളിക്കാരനാണ്. അത് മൈതാനത്ത് കോഹ്‌ലി പ്രകടിപ്പിക്കും. എല്ലാവരെയും പോലെ തന്റെ ടീമിനും മികച്ച വിജയം നേടിക്കൊടുക്കണമെന്നാണ് കോഹ്‌ലിയുടെയും ആഗ്രഹം”.

”കേപ്‌ടൗണിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഞാൻ ചർച്ചചെയ്യാൻ പോകുന്നില്ല. പക്ഷേ ആരെങ്കിലും എന്റെ ചെവിയിൽ എന്തെങ്കിലും പറഞ്ഞ് എന്നെ നിരാശപ്പെടുത്താൻ ശ്രമിച്ചാൽ അതെനിക്ക് കൂടുതൽ കരുത്താണ് നൽകുക” എൽഗർ പറഞ്ഞു. എൽഗർ ഔട്ട് ആയപ്പോൾ അദ്ദേഹത്തിന്റെ അടുത്തെത്തി കോഹ്‌ലി ചെവിയിൽ മൂളുകയോ അല്ലെങ്കിൽ എന്തോ പറയുകയോ ചെയ്തുവെന്ന് ദൃശ്യങ്ങളിൽ കാണാമായിരുന്നു.

”ജയത്തിനുവേണ്ടി കളിക്കാർ തമ്മിലുളള മൽസരമാണ് സെഞ്ചൂറിയനിൽ നടക്കുന്നത്. സ്വന്തം ടീം വിജയിക്കാൻ വേണ്ടി അവർ എന്തും ചെയ്യും. ഞങ്ങളും അങ്ങനെ തന്നെയാണ്. കോഹ്‌ലി മൽസര ബുദ്ധിയുളള കളിക്കാരനാണ്, ഞാനും അങ്ങനെ തന്നെയാണ്” എൽഗർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ