മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡി വില്ലിയേഴ്സ് രാജ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയേക്കും. ഓക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ടീമിൽ എബി ഡി വില്ലിയേഴ്സുമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് മുഖ്യ പരിശീലകൻ മാർക്ക് ബൗച്ചർ. മടങ്ങിയെത്തിയാൽ ഡിവില്ലിയേഴ്സ് ടീമിന്റെ ഭാഗമാകുമെന്ന് മാർക്ക് ബൗച്ചർ വ്യക്തമാക്കി.
2018 മെയിൽ രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം ഏകദിന ലോകകപ്പ് കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സെലകട്ർമാർ അത് പരിഗണിച്ചിരുന്നില്ല. പിന്നാലെ ടി20 ലോകകപ്പിലും കളിക്കാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി താരം രംഗത്തെത്തിയിരുന്നു. പുതിയ പരിശീലകൻ മാർക്ക് ബൗച്ചർ ഇത് കാര്യമായി തന്നെ പരിഗണിക്കുകയാണെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
“കഴിഞ്ഞ കുറച്ച് നാളുകളായി എബി ഡി വില്ലിയേഴ്സ് മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും ഒരു ചർച്ച വിഷയമാണ്. എനിക്ക് എന്നാൽ അങ്ങനെയല്ല. ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. വൈകാതെ തന്നെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമ്മളറിയും. ലോകകപ്പ് വേദിയിലേക്ക് പോകുമ്പോൾ, ഞങ്ങളുടെ ഏറ്റവും മികച്ച കളിക്കാരൻ ഒപ്പമുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം,” ബൗച്ചർ പറഞ്ഞു.
എബി ഡി വില്ലിയേഴ്സ് ഫോമിലാണെങ്കിൽ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാൻ സാധിക്കുമെങ്കിൽ താരം ടീമിനൊപ്പമുണ്ടാകുമെന്നും ബൗച്ചർ പറഞ്ഞു. ഏറ്റവും മികച്ച ടീമിനെ ലോകകപ്പിലേക്ക് അയക്കുന്നതും ടൂർണമെന്റ് സ്വന്തമാക്കുന്നതുമാണ് പ്രധാനമെന്നും ബൗച്ചർ വ്യക്തമാക്കി.