ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം ലോകത്തെ എല്ലാ കായിക വിനോദങ്ങളെയും നിശ്ചലമാക്കിയിരിക്കുകയാണ്. മത്സരങ്ങൾ നടക്കാത്തതുകൊണ്ട് കണ്ടാസ്വദിക്കാനും പറ്റില്ല, ലോക്ക്ഡൗണായതിനാൽ കളിക്കാനും പറ്റില്ല. ക്രിക്കറ്റും ഫുട്ബോളും അടക്കം എല്ലാ കളികളുടെയും അവസ്ഥ ഇത് തന്നെ. എന്നാൽ ക്രിക്കറ്റ് ആരാധകർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യയുടെ സുവർണ കാലഘട്ടത്തിലെ മത്സരങ്ങൾ നിങ്ങൾക്ക് ഒരിക്കൽകൂടി കാണാം. 2000 മുതലുള്ള ഇന്ത്യയുടെ മത്സരങ്ങളാണ് ഇക്കാലയളവിൽ ഡിഡി സ്പോർട്സിൽ സംപ്രേഷണം ചെയ്യുന്നത്.

ബിസിസിഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2000 മുതൽ നടന്ന മത്സരങ്ങളുടെ ഹൈലൈറ്റ്സ് വരും ദിവസങ്ങളിൽ ഡിഡി സ്പോർട്സിൽ കാണാം.

ഇന്ത്യ-പാക് പോരാട്ടം സ്റ്റാർ സ്പോർട്സിൽ

നേരത്തെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. 1992 ലോകകപ്പ് മുതൽ ഇങ്ങോട്ട് ലോകകപ്പ് വേദിയിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയ മത്സരങ്ങളാണ് ഏപ്രിൽ നാല് മുതൽ പത്ത് വരെയുള്ള ദിവസങ്ങളിൽ സംപ്രേഷണം ചെയ്യുന്നത്.

Also Read: ലോകകപ്പ് ഫൈനലിലെ ധോണിയുടെ നിർണായക തീരുമാനത്തിന് പിന്നിൽ സച്ചിൻ; സാക്ഷിയായി സെവാഗും

മത്സരങ്ങളുടെ തത്സമയ സംപ്രേഷണമൊന്നും ഇല്ലാത്തതിനാൽ എല്ലാ സ്പോർട്സ് ചാനലുകളും പഴയ മത്സരങ്ങളും ടൂർണമെന്റുകളുമാണ് സംപ്രേഷണം ചെയ്യുന്നത്.

കോവിഡ്-19 പകര്‍ച്ച വ്യാധി മൂലം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇനിയും ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിസകളെ കുറിച്ചുള്ള ഇന്ത്യാ സര്‍ക്കാരിന്റേയും കായിക മന്ത്രാലയത്തിന്റെയും പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ബിസിസിഐ. രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 15-ന് അവസാനിച്ചശേഷം ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബിസിസിഐ ഔദ്യോഗികമായി ഇക്കാര്യം സംസാരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook