ബാറ്റുകൊണ്ടെന്ന പോലെ തന്നെ തന്റെ വ്യത്യസ്തമായ ആഘോഷം കൊണ്ടും ആരാധകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ മിടുക്കനാണ് ശിഖര്‍ ധവാന്‍. ധവാന്റെ കബഡി സ്‌റ്റൈല്‍ സെലിബ്രേഷന്‍ ഏറെ പ്രശസ്തവും ആരാധകര്‍ക്ക് ഒരുപാട് ഇഷ്ടമുള്ളതുമാണ്. തന്റെ ആഘോഷ ശൈലിയ്ക്ക് പിന്നിലെ കാരണം തുറന്നു പറയുകയാണ് ധവാന്‍.

ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ധവാന്‍ മനസ് തുറന്നത്. ക്രിക്കറ്റോളം തന്നെ താന്‍ ഇഷ്ടപ്പെടുന്ന കളിയാണ് കബഡിയെന്നും അതാണ് ഈ രീതിയില്‍ ആഘോഷം നടത്തുന്നതെന്നും ധവാന്‍ പറയുന്നു.

‘കബഡി സ്റ്റൈലില്‍ ആഘോഷിക്കാന്‍ തുടങ്ങിയത് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഷെയ്ന്‍ വാട്‌സണിന്റെ വിക്കറ്റ് എടുത്തപ്പോഴാണ്. എനിക്ക് കബഡി കാണാന്‍ വളരെ ഇഷ്ടമാണ്. ആസ്വദിച്ചു കൊണ്ടാണ് ഞാനത് ചെയ്യുന്നത്. അതുകൊണ്ടാകാം ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതും,’ ധവാന്‍ പറയുന്നു.

താന്‍ ബൗണ്ടറിയ്ക്ക് അരികില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ആരാധകര്‍ തന്നെ ഗബ്ബറെന്ന് വിളിച്ചു കൊണ്ട് ആരവം മുഴക്കാറുണ്ടെന്നും കബഡി സ്‌റ്റൈലിലുള്ള തന്റെ ആഘോഷത്തെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും താരം പറയുന്നു.

ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്നില്‍ അടിതെറ്റിയെങ്കിലും തലയുയര്‍ത്തി തന്നെയാണ് ധവാനും ഹൈദരാബാദും ഐപിഎല്‍ അവസാനിപ്പിച്ചത്. ഹൈദരാബാദിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാമതാണ് ധവാന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook