ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ടീം ഡേവിസ് കപ്പിൽ മത്സരിക്കുന്നതിന് പാക്കിസ്ഥാനിലേക്ക് പോകും. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി ജനറൽ ഹിരോൻമോയ് ചാറ്റർജിയാണ് ഇക്കാര്യം അറിയിച്ചത്. 55 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ടീം ഡേവിസ് കപ്പിനായി പാക്കിസ്ഥാനിലേക്ക് പോകാനൊരുങ്ങുന്നത്.

“അതേ നമ്മൾ പോകും. ഇത് രണ്ട് രാജ്യങ്ങൾ മാത്രം ഏറ്റുമുട്ടുന്ന പോരാട്ടമല്ല. ടെന്നീസിന്റെ ഒരു ലോകകപ്പാണ്, അതുകൊണ്ട് തന്നെ പോകണം.”ഹിരോൻമോയ് ചാറ്റർജി പറഞ്ഞു. ഇത് സംബന്ധിച്ച് സർക്കാരുകളുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ലോക ഈവന്റ് എന്ന നിലയിൽ ഐഒസിയുടെ ചാർട്ടർ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറ് താരങ്ങളടങ്ങുന്ന ടീമിനെയാണ് ഇന്ത്യ ഡേവിസ് കപ്പിനയക്കുന്നത്. ഇവർക്കൊപ്പം സപ്പോർട്ടിങ് സ്റ്റാഫും പാക്കിസ്ഥാനിലേക്ക് പോകും. നേരത്തെ ഇന്ത്യയിൽ ഹോക്കി ലോകകപ്പ് നടന്നപ്പോൾ പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ എത്തിയിരുന്നു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കായിക ബന്ധം കൂടുതൽ വഷളായിരുന്നു. ലോകകപ്പിൽ പാക്കിസ്ഥാനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് വരെ ഒരു കൂട്ടർ വാദിച്ചിരുന്നു. എന്നാൽ അതെല്ലാം മറികടന്ന് ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാൽ അവസാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ പോയത് 2007ലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook