ഒരു വര്‍ഷം പുറത്തിരുത്തിയ പന്തു ചുരണ്ടല്‍ വിവാദത്തിന്റെ കാര്‍മേഘം ഇപ്പോഴും സ്റ്റീവ് സ്മിത്തിനേയും ഡേവിഡ് വാര്‍ണറേയും വിട്ടു പോയിട്ടില്ലെന്നാണ് ആഷസ് പരമ്പരയും സൂചിപ്പിക്കുന്നത്. ഏകദിന ലോകകപ്പിലൂടെയായിരുന്നു രണ്ടു പേരും രാജ്യാന്തര മത്സരങ്ങളിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിലെ ഗ്യാലറികളില്‍ നിന്നും കൈയ്യടികളേക്കാള്‍ ഉച്ചത്തില്‍ മുഴങ്ങിയത് കൂവലായിരുന്നു. രണ്ടു പേരും ബാറ്റു കൊണ്ട് കൂവലിന് മറുപടി നല്‍കുന്നതും കണ്ടു.
ഇംഗ്ലണ്ട് ആരാധകരുടെ തീരാത്ത കലിപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഓള് ട്രാഫോഡിലെ സംഭവം. നാലാം ടെസ്റ്റിനിടെയായിരുന്നു ആരാധകര്‍ അതിരുവിട്ട് പെരുമാറിയത്. ഇരയായത് വാര്‍ണറായിരുന്നു. ഡ്രെസിങ് റൂമില്‍ നിന്നും മറ്റ് താരങ്ങള്‍ക്കൊപ്പം വാര്‍ണര്‍ പുറത്തേക്ക് വരുമ്പോള്‍ ഗ്യാലറിയില്‍ നിന്നും ഒരാള്‍ താരത്തിന് നേരെ അസഭ്യ വര്‍ഷം നടത്തുകയായിരുന്നു.
Read More: അവന്റെ കൈയ്യില്‍ സാന്‍ഡ് പേപ്പറുണ്ടെന്ന് കാണികള്‍; പൊട്ടിച്ചിരിപ്പിച്ച് വാര്‍ണറുടെ മറുപടി
David Warner’s reaction to a fan shouting “Warner, you fucking cheat” is the best thing I’ve seen recently #Ashes2019pic.twitter.com/IfvkQJhjmC
— Saurabh (@Boomrah_) September 7, 2019
എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വാര്‍ണര്‍ തിരിഞ്ഞു നിന്ന് ആരാധകനെ നോക്കി തംസ് അപ് ആംഗ്യം കാണിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. വിമര്‍ശനങ്ങളെ എങ്ങനെ നേരിടണം എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് വാര്‍ണര്‍.
അതേസമയം, പന്തുചുരണ്ടല്‍ സംഭവത്തിലെ പങ്കാളിയായ സ്മിത്ത് ഐതിഹാസ ഇന്നിങ്സുകള്‍ പുറത്തെടുക്കുമ്പോള്‍ വാര്‍ണര്‍ക്ക് ആഷസ് അത്ര നല്ല ഓർമയല്ല നല്‍കുന്നത്. പരമ്പരയിലെ നാല് ടെസ്റ്റുകളില്‍ നിന്നും ഒരു അര്‍ധ സെഞ്ചുറി മാത്രമേ വാര്‍ണര്‍ക്ക് നേടാനായുള്ളൂ. നാല് തവണയും രണ്ടക്കം കാണാതെയാണ് താരം മടങ്ങിയത്.