ധാക്ക: നാളുകളായി ഡേവിഡ് വാര്‍ണര്‍ എന്ന പേര് വിവാദങ്ങളില്‍ മാത്രമേ ഉയര്‍ന്നു കേട്ടിട്ടുള്ളൂ. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസീസ് ടീമില്‍ നിന്നും പുറത്തായ വാര്‍ണര്‍ വിവാദമില്ലാത്ത, ക്രിക്കറ്റ് മാത്രമുള്ള ഒരു വാര്‍ത്തയിലെ താരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ വാര്‍ണര്‍ വലങ്കൈയ്യും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ചാണ് താരമായിരിക്കുന്നത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലായിരുന്നു സംഭവം. വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനെ നേരിടാന്‍ വേണ്ടിയാണ് ഇടങ്കയ്യില്‍ നിന്നും വലങ്കയ്യിലേക്ക് വാര്‍ണര്‍ ബാറ്റിങ് മാറ്റിയത്. ലീഗില്‍ സില്‍ഹെറ്റ് സിക്സേഴ്സിന്റെ താരമാണ് വാര്‍ണര്‍. രംഗ്പുര്‍ റൈഡേഴ്സിനെതിരായ മത്സരത്തിലാണ് ഗെയ്‌ലിനെ നേരിടാന്‍ വാര്‍ണര്‍ പുതുവഴി കണ്ടെത്തിയത്.

രംഗ്പുര്‍ റൈഡേഴ്സിന്റെ 19-ാം ഓവര്‍ ഗെയ്ല്‍ ആയിരുന്നു എറിഞ്ഞത്. ആദ്യ മൂന്ന് പന്തിലും വാര്‍ണര്‍ക്ക് ഒന്നും ചെയ്യാനായില്ല. ഗെയ്‌ലിന്റെ പന്തുകളുടെ ഗതി നിശ്ചയിക്കാന്‍ പോലും വാര്‍ണര്‍ക്ക് സാധിച്ചില്ല. ഓസീസ് മുന്‍ വൈസ് ക്യാപ്റ്റന്‍ നന്നായി ബുദ്ധിമുട്ടുന്നുണ്ടെന്ന് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു.

നാലാം പന്തില്‍ വാര്‍ണര്‍ ബാറ്റിങ് ശൈലി മാറ്റി. വലങ്കയ്യന്‍ ബാറ്റ്സ്മാനായി മാറി. പിന്നെ നടന്നത് അടിയുടെ പൂരമായിരുന്നു. നാലാം പന്ത് സിക്‌സ്, തൊട്ടടുത്ത രണ്ട് പന്തും ഫോര്‍. ഗെയ്‌ലിനെ തന്ത്രപൂര്‍വ്വം പഞ്ഞിക്കിടുന്ന വാര്‍ണറുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ