പന്തു ചുരണ്ടലിനെ തുടര്‍ന്ന് ഒരു കൊല്ലത്തെ വിലക്കിന് ശേഷം ആദ്യ ടെസ്റ്റ് കളിക്കുകയാണ് ഡേവിഡ് വാര്‍ണര്‍. എതിരാളികള്‍ ചിര വൈരികളായ ഇംഗ്ലണ്ടാണ്. വേദി ആഷസും കളി നടക്കുന്നത് അവരുടെ നാട്ടിലും. അതിനാല്‍ വാര്‍ണറെ വെറുതെ വിടാന്‍ ഇംഗ്ലണ്ടുകാര്‍ തീരുമാനിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. വാര്‍ണറിനും. അതുകൊണ്ട് തന്നെ തനിക്കെതിരായ കാണികളുടെ കൂവലിനും അധിക്ഷേപങ്ങള്‍ക്കുമെല്ലാം വാര്‍ണറുടെ പക്കല്‍ മറുപടിയുണ്ടായിരുന്നു.

കളിക്കിടെ ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യവെ പിന്നില്‍ നിന്നും കാണികള്‍ വാര്‍ണറെ കൂവുന്നുണ്ടായിരുന്നു. ഒപ്പം അവന്റെ പോക്കറ്റില്‍ സാന്‍ഡ്‌പേപ്പറുണ്ടെന്ന് വിളിച്ചു പറയുകയും ചെയ്തു. എന്നാല്‍ ഇതിനൊന്നും വാര്‍ണറെ തളര്‍ത്താനായില്ല. കൂവല്‍ നിര്‍ത്താതെ വന്നതോടെ തന്റെ രണ്ട് പോക്കറ്റും പുറത്തിട്ട് കാണിച്ചു കൊണ്ട് ചിരിച്ചു. എന്റെ പോക്കറ്റില്‍ ഒന്നുമില്ലെന്ന അര്‍ത്ഥത്തോടെ.

View this post on Instagram

I LOVE HIM #Ashes

A post shared by Aussie Aussie Aussie

ഇതോടെ ഇംഗ്ലണ്ട് ആരാധകരുടെ ഭാവം മാറി. ചിലര്‍ ചിരിച്ചു. ചിലര്‍ കൈയ്യടിച്ചു. തിരിഞ്ഞു നിന്ന് വാര്‍ണറും അവര്‍ക്ക് കൈയ്യടിച്ചു. കഴിഞ്ഞ ദിവസം വാര്‍ണര്‍ ബാറ്റിങ്ങിനായി ഇറങ്ങിയപ്പോള്‍ സാന്‍ഡ് പേപ്പര്‍ ഉയര്‍ത്തി കാണിച്ച് കൂവി വിളിച്ചായിരുന്നു ഇംഗ്ലണ്ട് ആരാധകര്‍ സ്വീകരിച്ചത്. അതേസമയം ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 34 റണ്‍സുമായി ലീഡ് ചെയ്യുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook