ഓവൽ: ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർക്ക് ട്രിപ്പിൾ സെഞ്ചുറി. പാക്കിസ്ഥാനെതിരായ അഡ്ലെയ്ഡ് ടെസ്റ്റിലാണ് വാർണർ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. വാർണറുടെ ടെസ്റ്റ് കരിയറിലെ ആദ്യ ട്രിപ്പിൾ സെഞ്ചുറിയാണിത്.
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഓസ്ട്രേലിയൻ താരമാണ് ഡേവിഡ് വാർണർ. 389 പന്തിൽ നിന്നാണ് വാർണർ 300 റൺസ് നേടിയത്. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുമ്പോൾ 418 പന്തിൽ നിന്ന് 335 റൺസ് നേടി വാർണർ പുറത്താകാതെ നിൽക്കുന്നുണ്ടായിരുന്നു. 39 ഫോറുകളും ഒരു സിക്സറും അടക്കമാണ് വാർണർ 335 റൺസ് നേടിയത്.
For the first time EVER at the Adelaide Oval, 300 for Dave Warner! @Domaincomau | #AUSvPAK pic.twitter.com/zjsrP37q9o
— cricket.com.au (@cricketcomau) November 30, 2019
മാർക് ടെയ്ലറും ഡോൺ ബ്രാഡ്മാനും ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ 334 റൺസ് വ്യക്തിഗത സ്കോർ വാർണർ ഇതോടെ മറികടന്നു. പാക്കിസ്ഥാനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് വാർണർ. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് തവണയാണ് വാർണർ 250 റൺസ് കടന്നിട്ടുള്ളത്. ഇന്ത്യയുടെ വിരേന്ദർ സെവാഗാണ് പട്ടികയിൽ ഒന്നാമൻ. സെവാഗ് നാല് തവണ 250 ൽ കൂടുതൽ റൺസ് നേടിയിട്ടുണ്ട്.
അതേസമയം, പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിലാണ്. വാർണറുടെ ട്രിപ്പിൾ സെഞ്ചുറി കരുത്തിൽ പാക്കിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ നേടിയിരിക്കുന്നത് 589 റൺസാണ്. മൂന്ന് വിക്കറ്റിന് 589 എന്ന നിലയിൽ ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 25 റൺസിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്.