ഐപിഎൽ പന്ത്രണ്ടാം പതിപ്പിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ സീസൺ അവസാനിപ്പിച്ചു. ഏകദിന ലോകകപ്പ് മത്സരങ്ങൾക്കായി ദേശീയ ടീമിനൊപ്പം ചേരേണ്ടതുള്ള കൊണ്ടാണ് ഡേവിഡ് വാർണർ ഐപിഎൽ മത്സരങ്ങൾ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. ഇന്നലെ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരം ഐപിഎൽ 2019ലെ അവസാന മത്സരമായിരുന്നു.

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു സീസൺ നഷ്ടപ്പെട്ട ഡേവിഡ് വാർണർ മടങ്ങി വരവിൽ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് സീസൺ അവസാനിപ്പിക്കുന്നത്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒന്നാം സ്ഥാനത്താണ് വാർണർ. 692 റൺസാണ് ഐപിഎല്ലിന്റെ ഈ പതിപ്പിൽ മാത്രം വാർണർ അടിച്ചുകൂട്ടിയത്.

ലോകകപ്പ് പോരാട്ടങ്ങൾക്കുള്ള ആദ്യ പടിയായാണ് ഐപിഎല്ലിനെ കാണുന്നതെന്ന് ഡേവിഡ് വാർണർ പറഞ്ഞു. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിന് ശേഷമായിരുന്നു വാർണറുടെ പ്രതികരണം.

“മികച്ച ഒരു ലോകകപ്പ് പോരാട്ടങ്ങളാണ് വരാനിരിക്കുന്നത്. നിരവധി ഉയർന്ന സ്കോറുകൾ ഇക്കുറിയുണ്ടാകും. ഇംഗ്ലാണ്ടാണ് ആതിഥേയരാജ്യം, അവർ മികച്ച ടീമുമാണ്. ഞങ്ങൾ നിലവിലെ ചാമ്പ്യന്മാരാണ്. അതുകൊണ്ട് തന്നെ ഞങ്ങൾക്കും തിളങ്ങാൻ സാധിക്കും. ഐപിഎല്ലിനെ അതിന് മുന്നോടിയായുള്ള ആദ്യ പടിയായാണ് കാണുന്നത്,” വാർണർ പറഞ്ഞു.

ഹൈദരാബാദ് ഓപ്പണറായി 12 മത്സരങ്ങളിലും ഇറങ്ങിയ വാർണർ ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറികളും സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വാർണർക്ക് അർധശതകം തികയ്ക്കാതെ പുറത്താകേണ്ടി വന്നത്. 57 ഫോറും, 21 സിക്സും ഈ സീസണിൽ പറത്തിയ വാർണർ ഐപിഎല്ലിൽ തന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് ഇത്തവണ നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദ് പടുത്തുയർത്തിയ കൂറ്റൻ സ്കോറുകൾക്കെല്ലാം ചുക്കാൻ പിടിച്ചത് വാർണറായിരുന്നു.

Also Read: ‘വാർണറാ’ട്ടത്തിൽ ഹൈദരാബാദ്; പഞ്ചാബിന് തുടർച്ചയായ മൂന്നാം തോൽവി

സൺറൈസേഴ്സ് ഹൈദരാബാദ് നായകനായി 2016ൽ എത്തിയ വാർണർ അന്ന് അടിച്ചുകൂട്ടിയത് 848 റൺസായിരുന്നു. തിരിച്ചുവരവിൽ ടീമിനെ പ്ലേ ഓഫിന്റെ വക്കത്ത് വരെ എത്തിച്ച ശേഷമാണ് വാർണർ ലോകകപ്പ് മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നത്. പന്ത് ചുരുണ്ടൽ വിവാദത്തിന് ശേഷം ഇതാദ്യമായാണ് വാർണറിന് ഓസ്ട്രേലിയൻ ടീമിൽ ഇടം ലഭിക്കുന്നത്.

ഐപിഎൽ പന്ത്രണ്ടാം പതിപ്പിലെ തന്റെ എട്ടാം അർധസെഞ്ചുറിയാണ് വാർണർ പഞ്ചാബിനെതിരെ തികച്ചത്. 144.64 പ്രഹരശേഷിയിൽ ബാറ്റ് വീശിയ ഓസ്ട്രേലിയൻ താരം ഒരു ഘട്ടത്തിൽ തന്റെ രണ്ടാം സെഞ്ചുറിയിലേക്കാണ് എന്ന് പോലും തോന്നിച്ചു പോയി. എന്നാൽ സെഞ്ചുറിയ്ക്ക് 19 റൺസകലെ വാർണർ വീണു. 56 പന്തിൽ 81 റൺസാണ് വാർണർ അടിച്ചെടുത്തത്. ഏഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്.

Also Read: ഫിഞ്ച് ഇന്ത്യ വിട്ടത് ധോണിയുടേയും കോഹ്ലിയുടേയും ജഴ്‌സിയുമായി:’തെളിവ്’ പുറത്ത് വിട്ട് താരം

സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഇന്നിങ്സ് 167 റൺസിന് അവസാനിച്ചു. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ പഞ്ചാബ് 167 റൺസിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 212 റൺസാണ് അടിച്ചുകൂട്ടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook