ന്യൂഡൽഹി: ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിനെതിരായി ഒന്നിച്ച് പോരാടുകയാണ് എല്ലാ മനുഷ്യരും. പണമായും സേവനമായും പല സെലിബ്രറ്റികളും ഇതിനോടകം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞു. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് വ്യത്യസ്തമായി ആദരവ് അറിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. തന്റെ തല മൊട്ടയടിച്ചാണ് താരം കൊറോണ വൈറസിനെ നേരിടുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ചത്.

മൊട്ടയടിച്ചതുകൊണ്ട് മാത്രം കഴിഞ്ഞില്ല, തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ വെല്ലുവിളിക്കുകയും ചെയ്യുന്നു താരം. ഓസ്ട്രേലിയൻ ടീമിലെ തന്റെ സഹതാരമായ സ്റ്റീവ് സ്മിത്തിനെയും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയുമാണ് വാർണർ ചലഞ്ച് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിലാണ് വാർണർ തല മൊട്ടയടിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. കോവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നവരെ പിന്തുണച്ചുകൊണ്ടാണ് താനിങ്ങനെ ചെയ്യുന്നതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഓസിസ് ടീമിലെ മറ്റ് താരങ്ങളായ പാറ്റ് കമ്മിൻസ്, ദോ ഭെർൻസ്, ആദം സാമ്പ, മാർക്കസ് സ്റ്റോയിനിസ് എന്നിവരെയും വാർണർ ചലഞ്ച് ചെയ്തിട്ടുണ്ട്.

ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് വിരാട് കോഹ്‌ലിയുടെ ഹെയർസ്റ്റൈൽ. പലപ്പോഴും ആരാധകരെ വിസ്മയിപ്പിക്കുന്ന തരത്തിൽ ഹെയർ ഡിസൈൻ ചെയ്യുന്ന കോഹ്‌ലി ചലഞ്ച് ഏറ്റെടുക്കുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ. കമന്റായി പലരും ഇതിനോടകം ആകാംക്ഷ പങ്കുവച്ചുകഴിഞ്ഞു.

Read Also: ലോക്ക്ഡൗൺ കാലത്ത് കോഹ്‌ലിക്ക് ഹെയർസ്റ്റൈൽ ചെയ്ത് അനുഷ്ക

നേരത്തെ നടി അനുഷ്ക ശർമ ഭർത്താവ് വിരാട് കോഹ്‌ലിക്ക് മുടി വെട്ടുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അടുക്കളയിലെ കത്രിക ഉപയോഗിച്ചായിരുന്നു അനുഷ്കയുടെ മുടിവെട്ടൽ. തന്റെ ഭാര്യ നൽകിയ പുതിയ ഹെയർസ്റ്റൈൽ വളരെ മനോഹരമായിരിക്കുന്നുവെന്ന് കോഹ്‌ലി വീഡിയോയിൽ പറയുന്നുണ്ട്. ഇനി അനുഷ്കയെ കൊണ്ട് തന്നെ കോഹ്‌ലി മൊട്ടയടിപ്പിക്കുമോയെന്നും ചില ആരാധകർ ചോദിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook