ഐപിഎൽ 13-ാം സീസണിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറെെസേഴ്‌സ് ഹെെദരബാദ് കളിച്ചത്. ഓപ്പണർമാരായ ഡേവിഡ് വാർണറും വൃദ്ധിമാൻ സാഹയും ചേർന്ന് 107 റൺസിന്റെ ഒന്നാം വിക്കറ്റ് പാട്‌ണർഷിപ്പാണ് സ്വന്തമാക്കിയത്.
ഈ സീസണിൽ ഒരിക്കൽ പോലും തന്റെ സ്വതസിദ്ധമായ ശെെലിയിലേക്ക് തിരിച്ചെത്താൻ സാധിക്കാതെ പോയ താരമായിരുന്നു ഡേവിഡ് വാർണർ. പലപ്പോഴും മികച്ചൊരു ഇന്നിങ്‌സ് പടുത്തുയർത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഡൽഹിക്കെതിരായ ഒരൊറ്റ ഇന്നിങ്‌സുകൊണ്ട് ഡേവിഡ് വാർണർ അതിനു പരിഹാരം കണ്ടു. 34 പന്തിൽ നിന്ന് 66 റൺസ് നേടിയാണ് ഡേവിഡ് വാർണർ പുറത്തായത്. എട്ട് ഫോറും രണ്ട് സിക്‌സും വാർണറുടെ ബാറ്റിൽ നിന്ന് പിറന്നു.
Read Also: രോഹിത് ശർമയ്‌ക്ക് എന്തുപറ്റി ? ഇന്ത്യൻ ക്രിക്കറ്റിലെ പുകമറ, ചോദ്യങ്ങളുമായി ആരാധകർ
ഡൽഹിയുടെ മികച്ച ബൗളിങ് ലെെനപ്പിനെയാണ് വാർണർ തുടക്കം മുതൽ പ്രഹരിച്ചത്. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിവരുന്ന റബാഡയും വാർണറുടെ ബാറ്റിന്റെ ചൂടറിഞ്ഞു. തന്റെ 34-ാം ജന്മദിനത്തിലാണ് വാർണർ ഈ ഇന്നിങ്‌സ് കളിച്ചത് എന്നതും ഏറെ ശ്രദ്ധേയമാണ്. അക്ഷരാർത്ഥത്തിൽ വാർണർ തന്റെ ജന്മദിനം ആഷോഘമാക്കി. ഡൽഹിയുടെ രണ്ട് മുൻനിര വിക്കറ്റുകളും ഈ ‘ബെർത്‌ഡേ ബോയി’യുടെ സാന്നിധ്യമുണ്ടായിരുന്നു. ശിഖർ ധവാൻ, മാർക്‌സ് സ്റ്റോയ്‌നിസ് എന്നിവരുടെ ക്യാച്ചുകൾ ഡേവിഡ് വാർണറാണ് സ്വന്തമാക്കിയത്.

വാർണർക്കൊപ്പം ഓപ്പണിങ് ഇറങ്ങിയ വൃദ്ധിമാൻ സാഹ തനിക്ക് ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ചു. ഈ സീസണിൽ ആദ്യമായാണ് സാഹ കളിക്കാനിറങ്ങുന്നത്. ഹെെദരബാദിന്റെ മുഖ്യ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ജോണി ബെയർസ്റ്റോയ്‌ക്ക് പകരം ഇന്ന് ടീമിലിടം ലഭിച്ചപ്പോൾ സാഹ പോലും കരുതികാണില്ല ഇത്ര മനോഹരമായി തനിക്ക് ബാറ്റ് ചെയ്യാൻ സാധിക്കുമെന്ന്.
45 പന്തിൽ നിന്ന് 87 റൺസ് നേടിയ ശേഷമാണ് സാഹ കൂടാരം കയറിയത്. 12 ഫോറും രണ്ട് സിക്‌സും അടങ്ങിയ ഇന്നിങ്‌സായിരുന്നു താഹയുടേത്.