ലോകകപ്പില്‍ മിന്നും ഫോമുമായി റണ്‍ വേട്ടക്കാരില്‍ ഒന്നാമത് കുതിക്കുകയാണ് ഡേവിഡ് വാര്‍ണര്‍. ഇതിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. വാര്‍ണര്‍ക്കും കാന്‍ഡിസിനും മൂന്നാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നു.

ലോകകപ്പില്‍ വാര്‍ണറെത്തിയത് ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പമായിരുന്നു. ഇന്നലെ രാത്രിയാണ് കാന്‍ഡിസ് പ്രസവിക്കുന്നത്. താരം തന്നെയാണ് സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കുഞ്ഞിനൊപ്പം ഭാര്യ കാന്‍ഡിസും മറ്റ് രണ്ട് പെണ്‍മക്കളുമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

വാര്‍ണര്‍-കാന്‍ഡിസ് ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയും പെണ്‍കുഞ്ഞാണ്. ഇസ്ല റോസ് എന്നാണ് കുട്ടിക്ക് അച്ഛനും അമ്മയും നല്‍കിയ പേര്. അമ്മയ്ക്കും കുഞ്ഞിനും സുഖമാണെന്നും കുഞ്ഞ് അനിയത്തിയുടെ വരവില്‍ രണ്ട് ചേച്ചിമാരും സന്തുഷ്ടരാണെന്നും വാര്‍ണര്‍ ട്വിറ്റില്‍ പറയുന്നു.


പ്രസവ സമയത്ത് വാര്‍ണര്‍ അരികില്‍ വേണമെന്ന് കാന്‍ഡിസിന് നിര്‍ബന്ധമായിരുന്നു. ഇതോടെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് പിന്നാലെ വാര്‍ണര്‍ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഇവി, ഇന്‍ഡി എന്നിങ്ങനെയാണ് വാര്‍ണറുടെ മൂത്ത പെണ്‍മക്കളുടെ പേരുകള്‍. മാഞ്ചസ്റ്ററില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook