സിഡ്‌നി: ഓസ്‌ട്രേലിയയെ ലോകത്തിന് മുന്നില്‍ തല കുനിച്ച് നിര്‍ത്തിയ പന്തു ചുരണ്ടല്‍ വിവാദത്തില്‍ വെളിപ്പെടുത്തലുമായി വിവാദ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്. ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, മുന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കും ബാന്‍ക്രോഫ്റ്റിനും വിലക്ക് ലഭിച്ച സംഭവത്തിന് പിന്നില്‍ വാര്‍ണറായിരുന്നുവെന്നാണ് യുവതാരത്തിന്റെ വെളിപ്പെടുത്തല്‍.

സാന്റ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന ബാന്‍ക്രോഫ്റ്റിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. കേപ്പ് ടൗണില്‍ വച്ച് നടന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെയായിരുന്നു സംഭവം. കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്ക് വിലക്കുകയായിരുന്നു. സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തിലും വാര്‍ണറായിരുന്നു പന്ത് ചുരണ്ടലിന് പിന്നിലെന്ന് തെളിഞ്ഞിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തിലാണ് ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

”കളിയില്‍ ഞങ്ങളുടെ അവസ്ഥ കാണിച്ച് ഡേവ് എന്നോട് പന്ത് ചുരണ്ടാന്‍ പറഞ്ഞു. അതില്‍ കൂടുതലൊന്നും എനിക്ക് അറിയില്ലായിരുന്നു. ടീമിന്റെ ഭാഗമാകാനേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ, അത്രമാത്രമായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്” ബാന്‍ക്രോഫ്റ്റ് പറഞ്ഞു. ഈ ആഴ്ചയോടെ യുവതാരത്തിന്റെ വിലക്ക് അവസാനിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ