കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ലോകത്ത് പലരാജ്യങ്ങളും ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ കളി മൈതാനങ്ങളും നിശ്ചലമായി. ഇതോടെ തിരക്കുകൾ കാരണം വീട്ടിൽ വല്ലപ്പോഴും മാത്രം എത്തിയിരുന്ന കായിക താരങ്ങളെല്ലാം വീടുകളിലകപ്പെട്ടു. കുട്ടികൾക്കൊപ്പം കളിക്കാനും സമൂഹമാധ്യമങ്ങളിലുമാണ് ഇപ്പോൾ താരങ്ങളിൽ ഭൂരിഭാഗവും സമയം ചെലവഴിക്കുന്നത്. ഇതിൽ തന്നെ ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ ടിക്ടോക് വീഡിയോസ് ചെയ്യാനും സമയം കണ്ടെത്തുന്നു. അടുത്തിടെ ബോളിവുഡ് ഗാനത്തിന് വാർണറുടെ മകൾ ചുവട്വെക്കുന്ന വീഡിയോ വൈറലായിരുന്നു.
ഇതിന് പിന്നാലെ മകൾക്ക് ഒരു വെല്ലുവിളിയായി എത്തിയിരിക്കുകയാണ് ഡേവിഡ് വാർണറും ഭാര്യ കാൻഡിസും. കേരളത്തിൽ ഉൾപ്പെടെ വൻ തരംഗമായി മാറിയ ‘ബുട്ട ബൊമ്മ’ എന്നു തുടങ്ങുന്ന തെലുങ്കുഗാനത്തിനാണ് ഇരുവരും ചുവട്വെക്കുന്നത്. എന്നാൽ ഈ വീഡിയോയിലും താരമായത് മകളാണ്. അച്ഛനും അമ്മയും തകർപ്പൻ സ്റ്റെപ്പുകളുമായി കളിക്കുന്നതിന് പിന്നിലൂടെ ജൂനിയർ വാർണറുടെ വക ഒരു മാസ്റ്റർ സ്ട്രോക്ക്.
View this post on Instagram
It’s tiktok time #buttabomma get out of your comfort zone people lol @candywarner1
അടുത്തിടെയാണ് താരം ടിക്ടോക്കിലെത്തിയത്. തനിക്ക് ടിക്ടോക്കിൽ ഫോളോവേഴ്സ് കുറവാണെന്നും സഹായം വേണമെന്നും താരം ഒരു ടിക്ടോക് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബോളിവുഡ് സൂപ്പർ ഹിറ്റ് ഗാനത്തിന് നൃത്തച്ചുവടുമായി ഡേവിഡ് വാർണറും മകൾ ഇൻഡിയും എത്തി. കത്രീന കെയ്ഫിന്റെ സൂപ്പർ ഹിറ്റ് ഗാനം ‘ഷീല കീ ജവാനി’ എന്ന ഗാനമാണ് വാർണറും മകളും കൂടി ആടിത്തകർത്തത്.
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് ഡേവിഡ് വാർണർ. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ നടക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഐപിഎൽ ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.