മെൽബൺ: ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടിക്കെതിരെ അപ്പീൽ പോകില്ലെന്ന് ഡേവിഡ് വാർണർ. പന്തിൽ കൃത്രിമത്വം കാട്ടിയതിന് ഒരു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ അപ്പീലിന് പോകില്ലെന്ന് സ്റ്റീവ് സ്മിത്തും കാമറൂൺ ബാൻകോഫ്റ്റും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാർണറും തന്റെ നിലപാട് വ്യക്തമാക്കിയത്.
‘തനിക്ക് ഏർപ്പെടുത്തിയ വിലക്ക് പൂര്‍ണ മനസോടെ സ്വീകരിക്കുന്നു. ഞാൻ ചെയ്ത പ്രവൃത്തിയിൽ മാപ്പ് ചോദിക്കുന്നു. നല്ലൊരു വ്യക്തിയാവാനും കളിക്കാരനാവാനും റോൾ മോഡലാവാനും എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്നും’ വാർണർ പറഞ്ഞു.
I have today let Cricket Australia know that I fully accept the sanctions imposed on me. I am truly sorry for my actions and will now do everything I can to be a better person, teammate and role model.
— David Warner (@davidwarner31) April 5, 2018
‘വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ തന്നെയാണ് ആഗ്രഹം, ക്യാപ്റ്റനെന്ന നിലയില്‍ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്, അതുകൊണ്ട് തന്നെ വിലക്കിനെതിരെ അപ്പീല്‍ ചെയ്യുന്നില്ല, ക്രിക്കറ്റ് ഓസ്ട്രേലിയ കൃത്യമായ ഇടപെടല്‍ നടത്തി ശക്തമായ ഒരു സന്ദേശമാണ് നല്‍കിയത്, ഞാന്‍ അത് സ്വീകരിക്കുന്നു’ ഇതായിരുന്നു സ്മിത്ത് ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടി താൻ അംഗീകരിക്കുന്നതായും ഈ സംഭവത്തെപ്പറ്റി മറക്കാൻ ശ്രമിക്കുകയാണെന്നും കാമറൂൺ ബാൻകോഫ്റ്റ് ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയൻ ജനതയുടെ വിശ്വാസം തിരികെ പിടിക്കുന്നതിനായി തന്നാൽ കഴിയുന്നത് ചെയ്യുമെന്നും കാമറൂൺ വ്യക്തമാക്കി.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റിനെ ഒൻപതു മാസത്തേക്കും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നു.