കൊച്ചി: മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ദിമിതര്‍ ബര്‍ബറ്റോവിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തെ കുറിച്ച് ഒടുവില്‍ മനസ് തുറന്ന് ഡേവിഡ് ജെയിംസ്. വിദേശ താരങ്ങളുമായി കരാറിലേര്‍പ്പെടുമ്പോള്‍ അവര്‍ ഇന്ത്യയിലേക്ക് വരുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അറിഞ്ഞിരിക്കണമെന്നായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പ്രതികരണം.
ഐഎസ്എല്‍ സീസണ്‍ അവസാനിച്ചതോടെ മടങ്ങിയ ബര്‍ബറ്റോവ് ഡേവിഡ് ജെയിംസിനെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചിരുന്നു. പരിശീലകനാകാനുള്ള യോഗ്യത പോലുമില്ലാത്തയാളാണ് ഡേവിഡ് എന്നും ബര്‍ബ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഡേവിഡ് ജെയിംസ് പ്രതികരിച്ചിരിക്കുന്നത്. ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡേവിഡ് ജെയിംസിന്റെ പ്രതികരണം.
ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ട് പോക്കില്‍ റിക്രൂട്ട്‌മെന്റ് പോളിസിയില്‍ മാറ്റം അനിവാര്യമാണെന്നും എന്തിനാണ് ഇന്ത്യയിലേക്ക് വരുന്നതെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് വരണമെന്ന് ആഗ്രഹമില്ലാത്തവരേയും എന്തിനാണ് വരുന്നതെന്നതിനെ കുറിച്ച് വ്യക്തയില്ലാത്തവരേയും ക്ലബ്ബിന് ആവശ്യമില്ലെന്നും ജെയിംസ് വ്യക്തമാക്കി.
”കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയാണ് ഓരോ താരവും കളിക്കുന്നതെന്ന് ആരാധകർ മനസിലാകണം. അവര്‍ ഇന്ത്യയിലേക്ക് വരുന്നത് സ്ഥലം കാണാനോ അവധി ആസ്വദിക്കാനോ ആവരുത്. ഇനി അതനുസരിച്ചായിരിക്കണം പോളിസി മാറേണ്ടത്,” അദ്ദേഹം വ്യക്തമാക്കുന്നു. ബര്‍ബയേയും വെസ് ബ്രൗണിനേയും താനല്ല ടീമിലെത്തിച്ചതെന്നും ബര്‍ബയുടെ ആരോപണങ്ങള്‍ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
”ബര്‍ബറ്റോവ് എന്തിനാണ് ഇവിടെ വന്നത് എനിക്ക് അറിയാം. അതെനിക്ക് പ്രശ്‌നമല്ല, കാരണം ഞാനല്ല അദ്ദേഹത്തെ റിക്രൂട്ട് ചെയ്തത്. എങ്ങനെയാണ് അയാള്‍ പോയതെന്നും ഞാന്‍ മനസിലാക്കുന്നു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഞങ്ങള്‍.” ജെയിംസ് കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, മറ്റൊരു വിദേശ താരമായ വെസ് ബ്രൗണ്‍ വളരെ പ്രൊഫഷണലായ താരമാണെന്നും താന്‍ വെസ് ബ്രൗണില്‍ തൃപ്തനാണെന്നും ഡേവിഡ് ജെയിംസ് അഭിപ്രായപ്പെട്ടു.